അമ്മയെ തള്ളിയിട്ട് കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്‌ടാവിനെ കിലോമീറ്ററോളം ഓടി കൈയ്യോടെ പിടികൂടി അഭിമാനമായിരിക്കുകയാണ് 14 വയസുകാരിയായി ദിവ്യ. ഡെൽഹിയിലെ നവാദ മെട്രോ സ്‌റ്റേഷന് സമീപത്തെ സ്‌റ്റഡി സെന്ററിൽ നിന്ന് രാത്രി ഏഴരയ്‌ക്ക് പതിവ് ട്യൂഷൻ കഴിഞ്ഞ് ദിവ്യ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.
സെന്ററിന് മുന്നിൽ എന്നത്തേയും പോലെ അമ്മ സതി മകളെ കാത്തുനിൽപ്പുണ്ടായിരുന്നു. ഇ-റിക്ഷയിൽ കയറി രണ്ടുപേരും ഓംവിഹാർ ഫേസ് 5ലെ വീടിന് സമീപത്ത് എത്തുമ്പോൾ മണി എട്ട് കഴിഞ്ഞിരുന്നു. വീട്ടിലേക്ക് നടക്കുന്നതിനിടെ എതിരെ നടന്നുവന്നയാൾ പെട്ടെന്ന് അമ്മയെ തള്ളിയിട്ട് കഴുത്തിൽ നിന്ന് മാല പൊട്ടിച്ചു ഓടി.
എട്ടോടെ ഒരുനിമിഷം പോലും ചിന്തിച്ച് നിൽക്കാതെ ദിവ്യ അയാൾക്ക് പിന്നാലെ പാഞ്ഞു. തിരക്കേറിയ റോഡിലൂടെയും വാഹനങ്ങൾക്കിടയിലൂടെയും അരകിലോമീറ്ററോളം പാഞ്ഞ ദിവ്യ മോഷ്‌ടാവിനെ കൈയ്യോടെ പിടികൂടിയ ശേഷമാണ് ഓട്ടം അവസാനിപ്പിച്ചത്. അസാമാന്യ മനോധൈര്യത്തിലൂടെയും നിശ്‌ചയ ദാർഢ്യത്തിലൂടെയും സ്‌റ്റാറായി മാറിയിരിക്കുകയാണ് വികാസ്‌പുരി കേരള സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയായ ദിവ്യ.
കരോൾബാഗ് രാമകൃഷ്‌ണ മിഷൻ ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സാണ് സതി. കഴിഞ്ഞദിവസമാണ് മോഷണശ്രമം ഉണ്ടായത്. ഒരു പവന്റെ മാലയും ലോക്കറ്റുമാണ് മോഷ്‌ടാവ് പിടിച്ചുപറിച്ചത്. മാല നഷ്‌ടപ്പെടുമോ എന്ന ഭയത്തേക്കാൾ മകളെ മോഷ്‌ടാവ് അക്രമിക്കുമോയെന്ന ഭയമായിരുന്നു ആ സമയം ഉണ്ടായിരുന്നതെന്ന് സതി പറഞ്ഞു.
അഞ്ചു വർഷത്തിലേറെയായുള്ള കരാട്ടെ പഠനമാണ് പ്രതിരോധത്തിനുള്ള ആത്‌മബലം നൽകിയതെന്നാണ് ദിവ്യ പറയുന്നത്. മോഷ്‌ടാവിന് പിന്നാലെ ഓടാനുള്ള ഊർജത്തിന്റെ കാരണവും അതുതന്നെയാണ്. നവാദയിലെ പാഞ്ചജന്യം ഭാരതത്തിന്റെ കൾച്ചറൽ സെന്ററിലെ ഷീലു ജോസഫിന്റെ ശിക്ഷ്യയാണ് ദിവ്യ. ആലപ്പുഴ മുട്ടാർ സ്വദേശികളാണ് ദിവ്യയും കുടുംബവും.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































