തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയതെന്നുമാണ് സുരേഷ് കുമാറിന്റെ മൊഴി.
പെൺകുട്ടിയുടെ പിന്നിൽ നിന്നുമാണ് ചവിട്ടിയത്. സുരേഷ് കുമാറിന്റെ പേരിൽ മുൻപ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയാണ് പെൺകുട്ടിയെ തള്ളിയിട്ടതെന്ന് വരുത്തി തീർക്കാൻ സുരേഷ് ഇന്നലെ ശ്രമിച്ചിരുന്നു. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ പോലീസുമായി മൽപ്പിടിത്തവും നടത്തി.
സുരേഷ് കോട്ടയത്ത് നിന്ന് മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു നിൽപ്പ്. പ്രത്യേകിച്ചൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. ആളൊഴിഞ്ഞ കാടുമൂടിയ ട്രാക്കിലേക്കാണ് പെൺകുട്ടിയെ പ്രതി സുരേഷ് കുമാർ തള്ളിയിട്ടതെന്ന് പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു.
നട്ടെല്ലിന് പരിക്കേറ്റ പാലോട് സ്വദേശിനി സോനയെ (19) അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിലാണ് സംഭവം.
കൊച്ചുവേളിയിൽ നിന്നാണ് പ്രതി സുരേഷ് കുമാറിനെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ സുരേഷ് ജനറൽ കമ്പാർട്ട്മെന്റിൽ കയറി. സുരേഷ് കുമാർ മദ്യലഹരിയിൽ പെരുമാറിയത് സോനയും സുഹൃത്തും ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ഇതിനിടെ ട്രെയിൻ വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിൽ അയന്തി പാലത്തിന് സമീപം എത്തിയപ്പോൾ, പ്രകോപിതനായ സുരേഷ് കുമാർ സോനയെ പുറത്തേക്ക് ചവിട്ടി തെറിപ്പിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. ട്രാക്കിന് പുറത്തേക്ക് വീണ സോനയെ ആംബുലൻസിൽ വർക്കലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
Most Read| ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്







































