‘മകളുടെ ശരീരത്തിൽ 20 മുറിവുകൾ, മികച്ച ചികിൽസ നൽകണം, സർക്കാർ ഇടപെടണം’

ട്രെയിനിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ചികിൽസയിൽ തൃപ്‌തരല്ലെന്ന ആരോപണവുമായാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

By Senior Reporter, Malabar News
priyadarshini
പരിക്കേറ്റ ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു (Image Courtesy: 24 News)
Ajwa Travels

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചികിൽസയിൽ തൃപ്‌തരല്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. യുവതിക്ക് മികച്ച ചികിൽസ ലഭ്യമാക്കണമെന്നും സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും യുവതിയുടെ അമ്മയും ബന്ധുക്കളും മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇൻസ്‌റ്റാഗ്രാമിൽ വീഡിയോ കണ്ടാണ് താൻ ഈ സംഭവം അറിഞ്ഞതെന്നാണ് പരിക്കേറ്റ ശ്രീക്കുട്ടി (സോന-20)യുടെ അമ്മ പ്രിയദർശിനി പറയുന്നത്. മകളുടെ ശരീരത്തിൽ ഇരുപതോളം മുറിവുകളുണ്ടെന്നും അമ്മ വ്യക്‌തമാക്കി.

”രണ്ടുദിവസം മുമ്പാണ് സോന ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോയത്. സ്‌ഥിരമായി ട്രെയിനിലും ബസിലും പോയിവരുന്നയാളാണ്. എറണാകുളത്ത് ഭർതൃവീട്ടിലായിരുന്നു. അവിടെനിന്നാണ് മകൾ തിരുവനന്തപുരത്തേക്ക് പോയത്. കുട്ടിക്ക് മികച്ച ചികിൽസ കിട്ടണം. സർക്കാർ അടിയന്തിരമായി ഇടപെടണം. അവൾ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്. ഞാൻ അത്രയും കഷ്‌ടപ്പെട്ട് വളർത്തിയതാണ്’- അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രിയദർശിനിയുടേത് പാവപ്പെട്ട കുടുംബമാണെന്നും ഇവരുടെ ആവശ്യം സർക്കാർ ഗൗരവമായി കാണണമെന്നും അടിയന്തിര ചികിൽസയ്‌ക്ക് ഉത്തരവിടണമെന്നും തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളും ആവശ്യപ്പെട്ടു. നാളെ രാവിലെ മാത്രമേ വിദഗ്‌ധ അഭിപ്രായം പറയാനാകൂ എന്നാണ് ഡോക്‌ടർമാർ പറയുന്നതെന്നും ജനപ്രതിനിധികൾ പറഞ്ഞു.

ഞായറാഴ്‌ച രാത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് അക്രമിയായ സുരേഷ് കുമാർ (50) ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയിട്ടത്. ഇന്നലെ രാത്രി 8.45ഓടെ വർക്കല അയന്തിക്ക് സമീപത്തായിരുന്നു സംഭവം. ശൗചാലയത്തിൽ നിന്ന് വരുമ്പോഴാണ് ശ്രീക്കുട്ടിയെയും സുഹൃത്ത് അർച്ചനയെയും ഇയാൾ ആക്രമിച്ചത്.

അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. എന്നാൽ, അർച്ചന വാതിലിന്റെ കമ്പിയിൽ പിടിച്ചുതൂങ്ങി. ഉടൻ തന്നെ മറ്റുയാത്രക്കാർ ഓടിയെത്തി അർച്ചനയെ ട്രെയിനിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ട്രാക്കിൽ തലയിടിച്ചുവീണ് പരിക്കേറ്റ ശ്രീക്കുട്ടിയെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനിൽ കയറ്റിയാണ് വർക്കല സ്‌റ്റേഷനിൽ എത്തിച്ചതിന്. ഇവിടെ നിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രതിയായ സുരേഷ് കുമാറിനെ കൊച്ചുവേളി സ്‌റ്റേഷനിൽ വെച്ച് റെയിൽവേ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് തിരുവനന്തപുരം റെയിൽവേ പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയതെന്നുമാണ് സുരേഷ് കുമാറിന്റെ മൊഴി.
 
Most Read| ജസ്‌റ്റിസ്‌ സൂര്യകാന്ത് അടുത്ത ചീഫ് ജസ്‌റ്റിസ്‌; നിയമിച്ച് രാഷ്‌ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE