മലപ്പുറം: ജില്ലയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആണ് ജില്ലാ ഭരണകൂടം മലപ്പുറത്തു സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അനാവശ്യമായി ഞായറാഴ്‌ചകളിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതിനാലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ജില്ലയിൽ ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയെ ലോക്ക്ഡൗണിൽ ബാധിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.








































