തിരുവനന്തപുരം: മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം. ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൈർഘ്യമായിരിക്കും മെട്രോ പാതയ്ക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചക്കൽ വരെ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
ടെക്നോപാർക്കിൽ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈൻമെന്റിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പാക്കുക.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണ ചുമതല കെഎംആർഎലിനെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാതൃകയിൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ റെയിൽ നടപ്പാക്കാൻ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെആർടിഎൽ) രൂപീകരിച്ചത്. 2014ൽ ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) ആദ്യ ഡിപിആർ കൈമാറി.
പിന്നെയും പദ്ധതി വൈകിയതോടെ വീണ്ടും ഡിപിആർ തയ്യാറാക്കാൻ കേന്ദ്രം നിർദ്ദേശിച്ചു. 2021ൽ പുതിയ ഡിപിആറും ഡിഎംആർസി നൽകി. 2022ൽ സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്ക് ഒന്നിലധികം സ്ഥാപനങ്ങൾ വേണ്ടെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് കെആർടിഎൽ പിരിച്ചുവിട്ടു. തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ചുമതല കെഎംആർഎലിന് കൈമാറി.
2023ൽ തിരുവനന്തപുരത്ത് മെട്രോ ആവശ്യം ഉണ്ടോയെന്നറിയാൻ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) തയ്യാറാക്കി. 2024ൽ സിഎംപിയുടെ അടിസ്ഥാനത്തിൽ പുതിയ റൂട്ടുകൾ നിർദ്ദേശിച്ചെങ്കിലും അലൈൻമെന്റ് മാറ്റാൻ വീണ്ടും സർക്കാർ നിർദ്ദേശിച്ചിരുന്നു.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി







































