മലപ്പുറം: കോട്ടയ്ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് സംവിധാനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കടയ്ക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 5.30നായിരുന്നു തീപിടിച്ചത്.
മഹാലാഭമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടിത്തം ഉണ്ടായത്. താൽക്കാലികമായി ഉണ്ടാക്കിയ കടയായതിനാൽ ഫ്ളക്സുകളും മറ്റും ഉപയോഗിച്ചായിരുന്നു നിർമാണം. ഇത് അപകടത്തിന്റെ ആഘാതം വർധിപ്പിക്കാനിടയായി. തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു.
മറ്റു സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കാര്യങ്ങളാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തുന്നത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തായി സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് പെൺകുട്ടികൾ സ്ഥിരമായി താമസിക്കുന്നുണ്ടായിരുന്നു. ഇവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പെൺകുട്ടികൾ മുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു.
ഒരു ഭാഗത്തെ തീ പൂർണമായി അണച്ചാണ് പെൺകുട്ടികളെ രക്ഷിച്ചത്. ഇവരിൽ ഒരാൾക്ക് ചെറിയ തോതിൽ പരിക്കുള്ളതായും ഇവരെ ആശുപത്രിയിൽ എത്തിച്ചതായും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ പറഞ്ഞു. മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































