തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്‌ധ സമിതി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് വിദഗ്‌ധ സമിതിയെ നിയോഗിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുറത്തുള്ളവരാണ് സംഘത്തിലുള്ളത്. മൂന്ന് വകുപ്പുകളുടെ മേധാവികൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചത്. മരണത്തിന് പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ശിവപ്രിയയുടെ മരണം ചികിൽസാ പിഴവിനെ തുടർന്നെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം പാലിച്ചുള്ള വിദഗ്‌ധ സമിതിയെ അന്വേഷണം ഏൽപ്പിക്കണമെന്നും ശിവപ്രിയയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്‌റ്റും പോസ്‌റ്റുമോർട്ടവും നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 22നാണ് ശിവപ്രിയ എസ്എടി ആശുപത്രിയിൽ ആൺകുഞ്ഞിന് ജൻമം നൽകിയത്.
24ന് ഡിസ്‌ചാർജായി വീട്ടിലേക്ക് പോയി. ആ സമയത്ത് തനിക്ക് പനിയുള്ളതായി ശിവപ്രിയ ഡോക്‌ടറെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയപ്പോൾ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 26ന് വീണ്ടും എസ്ഐടിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ അണുബാധ സ്‌ഥിരീകരിച്ചു.
തുടർന്ന് ആരോഗ്യസ്‌ഥിതി മോശമായതിനാൽ ഒരാഴ്‌ചയായി വെന്റിലേറ്ററിലായിരുന്നു ശിവപ്രിയ. തുടർന്നാണ് മരണം സംഭവിച്ചത്. തുടർച്ചയായ ചികിൽസാ പിഴവ് ആരോപണങ്ങളിൽ കടുത്ത നാണക്കേട് ഉണ്ടായ പശ്‌ചാത്തലത്തിലാണ് ആരോഗ്യവകുപ്പ്. ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്






































