കാസർഗോഡ്: വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്‌ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് തകർത്തു. ഇതോടെ വ്യാപാര സ്‌ഥാപനങ്ങളിലേത് ഉൾപ്പടെ എണ്ണായിരത്തിലേറെ ഉപയോക്‌താക്കൾക്ക് രണ്ടു മണിക്കൂർ വൈദ്യുതി മുടങ്ങി. സംഭവത്തിൽ യുവാവ് പിടിയിലായി.
കുഡ്‌ലു ചൂരി കള്യയങ്കോട്ടെ യുവാവ് ഒടുവിൽ പോലീസ് പിടിയിലായി. 22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ. 12ന് ആയിരുന്നു പണം അടയ്‌ക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫീസിൽ നിന്ന് വിളിച്ചു. അൽപ്പസമയം കഴിഞ്ഞപ്പോൾ വധഭീഷണി മുഴക്കി വൈദ്യുതി സെക്ഷൻ ഓഫീസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതർ പറയുന്നു.
ഇന്നലെ രാവിലെയെത്തിയ ജീവനക്കാർ വീട്ടിലെ ഫ്യൂസ് ഊരുന്നതിന് പകരം തൂണിൽ നിന്നുള്ള കണക്ഷൻ വിച്‌ഛേദിച്ചു. വൈകീട്ട് ഒരു കുട്ടിയുമായെത്തി യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ട് കാണിച്ച് ബില്ലടയ്‌ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ ബഹളം വെച്ച് ഇയാൾ ഇറങ്ങിപ്പോയതായും ജീവനക്കാർ പറയുന്നു.
ഇയാൾ മടങ്ങിപ്പോയ ശേഷം വൈദ്യുതി മുടങ്ങിയതായി ചിലയിടങ്ങളിൽ നിന്നായി ഫോൺവിളിയെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാൻസ്‌ഫോർമറുകളുടേയും ഫ്യൂസുകൾ ഊരിയെറിഞ്ഞതും പൊട്ടിച്ചതുമായി കണ്ടെത്തിയത്. ഫ്യൂസ് ഊരുന്നത് നാട്ടുകാർ കാണുകയും യുവാവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്‌തിരുന്നു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































