കൊച്ചി: ശബരിമല തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങൾ നൽകി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. തിങ്കളാഴ്‌ച വരെ ആയിരിക്കും ഈ നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ ഇന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. ശബരിമലയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്കിന് കാരണം വേണ്ടത്ര ഏകോപനം ഇല്ലാതിരുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയന്ത്രണമില്ലാതെ നടത്തിയ സ്‌പോട്ട് ബുക്കിങ്ങാണ് ശബരിമലയിൽ തിരക്ക് അനിയന്ത്രിതമാക്കിയത്.
ഇതോടെ, ഇന്ന് മുതൽ സ്‌പോട്ട് ബുക്കിങ് 20,000 ആയി കുറച്ചിരുന്നു. പമ്പയിൽ സ്‌പോട്ട് ബുക്കിങ്ങിന്റെ തിരക്ക് ഒഴിവാക്കാൻ നിലയ്‌ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനമായിരുന്നു. എന്നാൽ, തിരക്ക് പൂർണമായി നിയന്ത്രണ വിധേയമാവാനായി തിങ്കളാഴ്‌ച വരെ ദിവസവും 5000 സ്‌പോട്ട് ബുക്കിങ് അനുവദിക്കാനാണ് ദേവസ്വം ബെഞ്ചിലെ ജസ്‌റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ നിർദ്ദേശം.
സന്നിധാനവും പമ്പയും പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലിലേക്ക് പോകാൻ ആരെയും അനുവദിക്കില്ല. അതിനിടെ, എൻഡിആർഎഫിന്റെ ആദ്യസംഘം ചുമതലയേറ്റു. തൃശൂരിൽ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗ സംഘമാണ് സന്നിധാനത്ത് എത്തിയത്. ചെന്നൈയിൽ നിന്നുള്ള 38 അംഗ സംഘം ഇന്ന് രാത്രിയോടെ എത്തും.
Most Read| ഷെയ്ഖ് ഹസീനയുടെ കൈമാറ്റം; ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ളാദേശ്








































