തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാർ അറസ്‌റ്റിൽ. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്‌മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോറ്റിയും പത്‌മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എംഎൽഎയുമാണ് പത്‌മകുമാർ. പ്രത്യേക കേന്ദ്രത്തിൽ മണിക്കൂറുകൾ ചോദ്യം ചെയ്‌തതിന് ശേഷമാണ് എസ്ഐടി പത്‌മകുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസിലാണ് അറസ്‌റ്റ്. കേസിൽ എട്ടാം പ്രതിയായ പത്‌മകുമാർ അധ്യക്ഷനായ 2019ലെ ബോർഡിനെ പ്രതി ചേർത്തിരുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ നേരത്തെ അറസ്‌റ്റിലായവരുടെ മൊഴികളെല്ലാം പത്‌മകുമാറിന് എതിരാണെന്നാണ് വിവരം. മുരാരി ബാബു മുതൽ എൻ. വാസു വരെയുള്ള പ്രതികൾ പത്‌മകുമാറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പത്‌മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിൽ ഉള്ളതെന്നും സൂചനയുണ്ട്.
പത്‌മകുമാറിന്റെ സാമ്പത്തിക സ്രോതസുകൾ അടക്കം എസ്ഐടി വിശദമായി അന്വേഷിച്ചു വരികയാണ്. സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ. പത്‌മകുമാറിന് നേരത്തെ രണ്ടുതവണ എസ്ഐടി നോട്ടീസ് നൽകിയിരുന്നു. എൻ. വാസു അറസ്‌റ്റിലായതിന് പിന്നാലെയാണ് പത്‌മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്.
ഇതോടെ അന്വേഷണം ഇനി പത്‌മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്‌മകുമാറായിരുന്നു ബോർഡ് പ്രസിഡണ്ട്. ഉണ്ണിക്കൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന എൻ വാസു തുടങ്ങിയവരാണ് ഇതുവരെ അറസ്‌റ്റിലായവർ.
Most Read| അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ; അടാട്ട് നിന്ന് ജനവിധി തേടും








































