പട്ന: ബിഹാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ നിർണായകമായ ആഭ്യന്തര വകുപ്പ് കയ്യൊഴിയുന്നത്.
ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാൻ ജെഡിയു വിമുഖത കാണിച്ചതിനെ തുടർന്ന് എൻഡിഎ സഖ്യകക്ഷികൾക്കിടയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ താൽക്കാലികമായി സ്തംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ ആഭ്യന്തര വകുപ്പ് ഉൾപ്പടെ മന്ത്രിമാരുടെ ചുമതലകൾ സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു നിതീഷ് കുമാർ.
നേരത്തെ, നിർണായകമായ നിയമസഭാ സ്പീക്കർ സ്ഥാനവും ബിജെപി നേടിയെടുത്തിരുന്നു. വിജയ് കുമാർ സിൻഹയ്ക്ക് ഖനന- ഭൂഗർഭശാസ്ത്ര വകുപ്പിനൊപ്പം ഭൂപരിഷ്കരണ-റവന്യൂ വകുപ്പിന്റെ ചുമതലയും നൽകി. ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല മംഗൾ പാണ്ഡെയ്ക്കാണ്. ദിലീപ് ജയ്സ്വാളാണ് വ്യവസായ മന്ത്രി. റോഡ് നിർമാണ വകുപ്പും നഗരവികസന, ഭവന വകുപ്പും നിതിൻ നബിയാണ്.
രാംകൃപാൽ യാദവ് കൃഷി മന്ത്രിയായും സഞ്ജയ് ടൈഗർ തൊഴിൽ വിഭവ വകുപ്പ് മന്ത്രിയായും പ്രവർത്തിക്കും. കല, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളും ടൂറിസം വകുപ്പിന്റെ ചുമതലയും അരുൺ ശങ്കർ പ്രസാദിനാണ്. സുരേന്ദ്ര മേത്ത മൃഗ-മൽസ്യ വിഭവ വകുപ്പും, നാരായൺ പ്രസാദ് ദുരന്ത നിവാരണ വകുപ്പും രാമ നിഷാദ് പിന്നോക്ക- അതിപിന്നോക്ക വിഭാഗ ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും.
പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് ഖേദർ പാസ്വാനാണ്. ഇൻഫർമേഷൻ ടെക്നോളജി, കായിക വകുപ്പ് മന്ത്രിയായി ശ്രേയസി സിങ്ങും സഹകരണ, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയായി പ്രമോദ് ചന്ദ്രവംശിയും പ്രവർത്തിക്കും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 202 സീറ്റ് നേടിയാണ് എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേറിയത്. 243 അംഗ നിയമസഭയിൽ ഇന്ത്യ സഖ്യത്തിന് 35 സീറ്റ് മാത്രമാണുള്ളത്.
Most Read| വോട്ടിന് മുൻപേ എൽഡിഎഫിന് വിജയം; മലപ്പട്ടത്തും ആന്തൂരും എതിർ സ്ഥാനാർഥികളില്ല






































