പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്നലെ എത്തിയവർക്കും ഒട്ടും കാത്തുനിൽക്കാതെ സുഖദർശനം ലഭിച്ചു. കർശന നിയന്ത്രണവും സ്‌പോട്ട് ബുക്കിങ് 5000 മാത്രമായി നിജപ്പെടുത്തിയതുമാണ് തിരക്ക് കുറയാൻ കാരണമായതെന്നാണ് വിവരം.
ഓരോ ദിവസത്തെയും സ്‌ഥിതി നോക്കി സ്‌പോട്ട് ബുക്കിങ് വേണമെങ്കിൽ കൂട്ടാൻ ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. ഉത്തരവ് ദേവസ്വം ബോർഡിൽ ലഭിക്കാത്തതിനാൽ നടപ്പാക്കിയില്ല. മണ്ഡല- മകരവിളക്ക് പൂജയ്‌ക്കായി ഈമാസം 16ന് ശബരിമല നട തുറന്നശേഷം ഇതുവരെ അഞ്ചുലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്.
ഇന്നലെ വൈകിട്ട് ഏഴുവരെ മാത്രം 72,037 തീർഥാടകർ ദർശനം നടത്തി. തീർഥാടകരെ പതിനെട്ടാംപടിയിൽ കയറ്റുന്നതിൽ വേഗം കുറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ നീണ്ട നിരയ്‌ക്കുള്ള പ്രധാന കാരണം. കെഎപി മാത്രമായിരുന്നു പതിനെട്ടാംപടിയിലെ ഡ്യൂട്ടി. കഴിഞ്ഞദിവസം അവർക്കൊപ്പം ഐആർബി വിഭാഗത്തെ കൂടി ഡ്യൂട്ടിക്കിട്ടു. ഇതോടെ പടികയറ്റം കുറേക്കൂടി വേഗത്തിലാക്കി.
അതേസമയം, തീർഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വിഎൻ വാസവൻ ഇന്ന് സന്നിധാനത്തെത്തും. ഇതിനായി ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ പത്രസമ്മേളനം നടത്താൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































