കോട്ടയം: തിരുവാതുക്കല്ലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ നഗരസഭ മുൻ കൗൺസിലർ വികെ അനിൽ കുമാർ, മകൻ അഭിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അഭിജിത്തും ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ലഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ആദർശിന്റെ കൈയിൽ നിന്ന് അഭിജിത്ത് ലഹരിമരുന്ന് വാങ്ങിയിരുന്നെന്നും, പണം നൽകിയിരിന്നില്ലെന്നുമാണ് വിവരം. ഇതേത്തടുർന്ന് ആദർശ് അഭിജിത്തിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
തർക്കം കൈയ്യാങ്കളിയിലും സംഘർഷത്തിലുമെത്തി. ഇതിനിടെ, അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയായിരുന്നു. പിന്നാലെ പ്രതികൾ കടന്നുകളയുന്നതിനിടയിൽ കോട്ടയം വെസ്റ്റ് പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അഭിജിത്തിനെ കേന്ദ്രീകരിച്ച് നേരത്തെ തന്നെ നിരവധി ലഹരി കേസുകൾ കോട്ടയം വെസ്റ്റ് പോലീസിൽ നിലവിലുണ്ട്.
Most Read| തിരുവനന്തപുരം-ബഹ്റൈൻ സർവീസ് കൂട്ടി ഗൾഫ് എയർ




































