കാസർഗോഡ്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സംഘടകർക്കെതിരെ കേസെടുത്ത് പോലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് കേസ്. മുന്നറിയിപ്പുകൾ അവഗണിച്ചും ആളുകളെ പങ്കെടുപ്പിച്ചതാണ് തിരക്കുണ്ടാവാൻ കാരണം.
മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടും പതിനായിരം ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശിയിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീതപരിപാടി പിന്നീട് അവസാനിപ്പിച്ചു. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് കാസർഗോഡ് പുതിയ ബസ് സ്‌റ്റാൻഡിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടിയിരുന്നു. ഇത് തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട 20ഓളം പേർ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടി.
അപകട വിവരമറിഞ്ഞു ജില്ലാ പോലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്‌ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി. ആളുകൾ ജാഗ്രത പാലിക്കണമെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നൽകി. ഇതിനിടെ പരിപാടി കാണാനായി എത്തിയവരെ പാതയോരത്ത് വെച്ച് പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ചിലർ കുറ്റിക്കാട്ടിലെ കുഴിയിൽ വീണു. അപകടത്തിൽപ്പെട്ട ആളുകളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Most Read| സംസ്‌ഥാനത്ത് മഴ വീണ്ടും ശക്‌തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്








































