കണ്ണൂർ: ആന്തൂർ നഗരസഭയിൽ തിരഞ്ഞെടുപ്പിന് മുൻപേ അഞ്ച് വാർഡുകളിൽ ജയിച്ച് എൽഡിഎഫ്. ഇന്ന് രണ്ട് യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രിക തള്ളുകയും ഒരു സ്‌ഥാനാർഥി പിൻവാങ്ങുകയും ചെയ്‌തതോടെയാണ് അഞ്ചുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വാർഡുകളിൽ യുഡിഎഫിന് സ്‌ഥാനാർഥികൾ ഉണ്ടായിരുന്നില്ല.
തർക്കം നിലനിന്നിരുന്ന നാല് വാർഡുകളിലെ പരിശോധന പൂർത്തിയായപ്പോൾ രണ്ട് വാർഡുകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രിക അംഗീകരിക്കുകയും രണ്ട് വാർഡുകളിലെ തള്ളുകയുമായിരുന്നു. തളിയിൽ, കോടല്ലൂർ വാർഡുകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പത്രികകളാണ് തള്ളിയത്. ഇതോടെ, മൊറാഴ, പൊടിക്കുണ്ട്, കോടല്ലൂർ, തളിയിൽ, അഞ്ചാംപീടിക എന്നീ വാർഡുകളിലാണ് എൽഡിഎഫിന് എതിരില്ലാത്തത്.
തട്ടിക്കൊണ്ടുപോയതായി യുഡിഎഫ് ആരോപിച്ച 26ആം വാർഡിലെ സ്‌ഥാനാർഥി കെ. ലിവ്യ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നുവെന്ന് കാണിച്ച് കത്ത് നൽകിയിരുന്നു. ലിവ്യ ഇന്ന് നഗരസഭാ ഓഫീസിലെത്തി സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ചു. ഇതോടെയാണ് അഞ്ച് വാർഡുകളിൽ എതിരില്ലാതെയായത്.
ആന്തൂരിലെ രണ്ടാം വാർഡായ മൊറാഴയിൽ കെ രജിതയും 19ആം വാർഡായ പൊടിക്കുണ്ടിൽ കെ പ്രേമരാജനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ എൽഡിഎഫ് പ്രകടനവുമായി രംഗത്തെത്തി. സ്‌ഥാനാർഥികളെ ഭീഷണിപ്പെടുത്തുകയാണെന്ന സ്‌ഥിരം പല്ലവിയാണ് യുഡിഎഫ് ആരോപിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































