കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തി.
2019ലാണ് കേസിൽ വിചാരണാ നടപടികൾ തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞവർഷം സെപ്തംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണാ നടപടികൾ വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
2017 ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് ഒക്ടോബറിലാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ആദ്യം ഏഴ് പ്രതികൾ ഉണ്ടായിരുന്ന കേസിൽ പിന്നീട് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കേസിലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
Most Read| ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു








































