പത്തനംതിട്ട: വൃത്തിഹീനമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ ലൈസൻസില്ലാതെ നടത്തിവന്ന ഹോട്ടലുകളിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി നഗരസഭാ ആരോഗ്യവിഭാഗം. പന്തളം കടയ്ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡരികിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ ഹോട്ടലുകൾക്കാണ് 10,000 രൂപ വീതം പിഴ ചുമത്തിയത്.
ഒന്നര ആഴ്ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയ പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്നത്. തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്മിര ഖാത്തുൻ, എസ്കെ സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഹോട്ടൽ നടത്തിവന്നത്.
ശുചിമുറിയിൽ യൂറോപ്യൻ ക്ളോസറ്റിൽ വെച്ച് അരിപ്പ ഉപയോഗിച്ച് ചിക്കൻ കഴുകുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി. മുഷിഞ്ഞ കർട്ടനിട്ട് മറച്ച ഭാഗത്താണ് പാചകം, ഇവിടെയും ഭക്ഷണം വിളമ്പുന്ന ഭാഗവും വൃത്തിഹീനം. ഹോട്ടലിലേക്ക് കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണെന്ന് അധികൃതർ പറഞ്ഞു. പഴകിയ ചിക്കൻ ഉൾപ്പടെ പിടിച്ചെടുത്തു.
നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എസ്എൽ സോൺ സുന്ദർ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത എസ് പിള്ള, അമൽ പി നായർ എന്നിവരും എസ്ഐ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പോലീസും നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ. ആർ. ഹരികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം എന്നിവരുമെത്തി.
Most Read| വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല; എംവി ഗോവിന്ദൻ







































