തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരായ കണ്‌ഠരര് രാജീവരുടെയും കണ്‌ഠരര് മോഹനരുടെയും മൊഴി രേഖപ്പെടുത്തി എസ്ഐടി. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി നൽകിയത് ഉദ്യോഗസ്‌ഥർ പറഞ്ഞ പ്രകാരമാണെന്ന് തന്ത്രിമാർ മൊഴി നൽകി. തന്ത്രിയുടെ ചുമതല ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണെന്നും ഇവർ വ്യക്‌തമാക്കി.
അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട് എന്നതിനാൽ പുറത്തേക്ക് കൊണ്ടുപോകണം എന്ന് ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് ഈ അനുമതി നൽകിയത്. ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥർ ഔദ്യോഗികമായി ആവശ്യപ്പെട്ടത് പ്രകാരമാണ് സ്വർണം പൊതിഞ്ഞ പാളികൾ പുറത്തേക്ക് കൊണ്ടുപോകാനുള്ള അനുവാദം നൽകിയതെന്നും മൊഴിയിൽ പറയുന്നു.
കേസിലെ പ്രധാന പ്രതികളിലൊരാളായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ തങ്ങൾക്ക് അറിയാമായിരുന്നു എന്നും തന്ത്രിമാർ മൊഴി നൽകിയിട്ടുണ്ട്. 2008 മുതൽ പോറ്റി ശബരിമല സന്നിധാനത്ത് കീഴ്‌ശാന്തിയായി ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ പരിചയം. ഇങ്ങനെയുള്ള ആളാണെന്നൊന്നും അറിയില്ലായിരുന്നു എന്നും തന്ത്രിമാർ പ്രതികരിച്ചു.
അതേസമയം, തന്ത്രി കുടുംബത്തിന്റെ പരിചയം മറയാക്കിയാണ് എല്ലാവരുമായി സൗഹൃദം സ്‌ഥാപിച്ചതെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി നേരത്തെ മൊഴി നൽകിയിരുന്നു. പോറ്റി മറ്റു സംസ്‌ഥാനങ്ങളിലെ സമ്പന്നരുമായി ബന്ധം സ്‌ഥാപിച്ചത് ഇത്തരത്തിലാണെന്നും ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു. പത്‌മകുമാറിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് തന്ത്രിമാരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, പത്‌മകുമാറിനായി എസ്ഐടി സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണക്കൊള്ളയിലെ സൂത്രധാരൻ പത്‌മകുമാറാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് എസ്ഐടിയുടെ വാദം. മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി








































