കാസർഗോഡ്: റിമാൻഡ് പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേളി സ്വദേശി മുബഷീർ ആണ് മരിച്ചത്. കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുബഷീറിന്റെ സഹോദരൻ രംഗത്തുവന്നു.
മുബഷീറിന് മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് നൽകിയിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ പറയുന്നു. മാത്രമല്ല, ജയിലിനുള്ളിൽ മുബഷീറിന് മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. പോക്സോ കേസിലായിരുന്നു ഒരുമാസം മുൻപ് മുബഷീർ അറസ്റ്റിലായത്.
സബ് ജയിലിലേക്ക് മാറ്റിയതിന് ശേഷം കാണാനെത്തിയ കുടുംബാംഗങ്ങളോട് തനിക്ക് മർദ്ദനമേറ്റ വിവരങ്ങൾ ഉൾപ്പടെ പറഞ്ഞിരുന്നതായാണ് വിവരം. യാതൊരു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത തനിക്ക് മരുന്നുകൾ തരുന്നുവെന്നും മുബഷീർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മുബഷീറിനെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിക്കുന്നത്.
എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചതോ, മരണം സംഭവിച്ചതോ ആയ വിവരങ്ങൾ ജയിൽ അധികൃതർ കുടുബാംഗങ്ങളെ അറിയിച്ചിരുന്നില്ല. രാവിലെ അഞ്ചുമണിക്ക് മുബഷീർ മരിച്ചുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. മുബഷീറിന്റെ അയൽവാസി വഴിയാണ് കുടുംബം മരണവിവരം അറിയുന്നത്.
Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും




































