ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുരക്ഷിതനാണെന്ന അവകാശ വാദവുമായി ആദിയാല ജയിൽ അധികൃതർ. ഇമ്രാന്റെ സുരക്ഷയ്ക്ക് പ്രശ്നമില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ഇമ്രാൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും ചില സാമൂഹിക മാദ്ധ്യമങ്ങളിലാണ് ആദ്യം വാർത്ത പ്രത്യക്ഷപ്പെട്ടത്. നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും സന്ദർശിക്കാൻ അവസരം ഒരുക്കണമെന്ന് പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടി ആവശ്യപ്പെട്ടു.
ഇമ്രാൻ ഖാന്റെ ആരോഗ്യം, സുരക്ഷ, നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ചും ഔദ്യോഗിക തലത്തിൽ പ്രസ്താവന പുറപ്പെടുവിക്കണം. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിന് ഉത്തരവാദികൾ ആയവരെക്കുറിച്ച് അന്വേഷിച്ച് വസ്തുതകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
ഇമ്രാനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദിയാല ജയിലിന് പുറത്ത് കാത്തുനിന്ന സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ, നോറീൻ നിയാസി എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും മർദ്ദിക്കുകയും ചെയ്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഇതോടെ ഇമ്രാന്റെ പാർട്ടിയുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ജയിലിന് മുന്നിലേക്ക് ഒഴുകിയെത്തിയത്. ഒരുമാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































