വാഷിങ്ടൻ: മുൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പുറപ്പെടുവിച്ച 92 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി ഡൊണാൾഡ് ട്രംപ്. വായിച്ചുനോക്കാതെ, ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരനാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്‌തമാക്കി.
സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ബൈഡൻ ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓർഡറുകളും ഉത്തരവുകളും മറ്റു രേഖകളുമാണ് താൻ റദ്ദാക്കിയതെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അധികാരത്തിലിരിക്കുമ്പോൾ ഭരിക്കാൻ കഴിയാത്തത്ര മറവിരോഗിയായിരുന്നു ബൈഡൻ എന്നും ട്രംപ് ആരോപിച്ചിച്ചിരുന്നു.
ബൈഡന്റെ ഈ ഉത്തരവുകൾക്ക് ഇനി യാതൊരു നിയമസാധുതയും പ്രാബല്യമോ ഉണ്ടായിരിക്കുന്നതല്ലെന്നും ട്രംപ് കുറിച്ചു. അതേസമയം, മുൻഗാമിയുടെ ഉത്തരവുകൾ റദ്ദാക്കിയ നടപടി നിയമപരമായി നിലനിൽക്കുമോ എന്നത് അനിശ്‌ചിതത്വത്തിലാണ്. ഒരു വ്യക്‌തിയുടെ ഒപ്പ് ആധികാരികമായി പകർത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ (സൈനിങ് മെഷീൻ). പ്രസിഡണ്ടുമാർ ഇത് ഉപയോഗിക്കുന്നത് പതിവാണ്.
വൈറ്റ് ഹൗസിന് സമീപം നാഷണൽ ഗാർഡുകൾക്ക് നേരെയുണ്ടായ വെടിവയ്പ്പിന്റെ പശ്‌ചാത്തലത്തിൽ ബൈഡന്റെ കാലത്തെ കുടിയേറ്റ നയങ്ങളാണ് അമേരിക്കയിലെ സാമൂഹികാന്തരീക്ഷം വഷളാക്കിയതെന്ന് ട്രംപ് ആരോപിച്ചിരുന്നു. പിന്നാലെയാണ് ഈ നടപടി. തന്റെ ഭരണത്തിന്റെ അവസാന ദിവസങ്ങളിൽ, ട്രംപിന്റെ കാലത്ത് കുറ്റാരോപിതരായ ആളുകൾക്ക് ബൈഡൻ മാപ്പ് നൽകിയിരുന്നു.
സ്വന്തം മകൻ, ട്രംപിനെതിരെ അന്വേഷണം നടത്തിയ നിയമനിർമാതാക്കൾ, ട്രംപിനെ വിമർശിച്ച ഒരു സൈനിക ജനറൽ, രാജ്യത്തെ ഉന്നത കോവിഡ് വിദഗ്‌ധൻ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇതടക്കമാണ് ട്രംപ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































