ആലപ്പുഴ: അനിത വധക്കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ കൊലപ്പെടുത്തിയ കേസിൽ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയെ (38) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്‌ജി എം. സുഹൈബ് ശിക്ഷിച്ചത്. കേസിലെ ഒന്നാംപ്രതി പ്രബീഷിന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
കേസിൽ വിധി പറഞ്ഞ ദിവസം രജനി ലഹരിമരുന്ന് കേസിൽ ഒഡീഷയിലെ ജയിലിൽ ആയിരുന്നതിനാൽ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ശിക്ഷ വിധിച്ചത്. ഒഡീഷയിലായിരുന്ന രജനി ഓൺലൈൻ വഴിയാണ് വിചാരണ പൂർത്തിയാക്കിയത്.
പ്രതികളായ പ്രബീഷും അനിതയും ഒന്നിച്ചു താമസിക്കുന്നതിനിടെയാണ് ഇരുവരും ചേർന്ന് ആസൂത്രിതമായി അനിതയെ കൊലപ്പെടുത്തിയത്. അനിതയും പ്രബീഷും താമരക്കുളത്തെ ഫാമിൽ ജോലി ചെയ്യുമ്പോൾ പരിചയമായി. അടുപ്പത്തിലായതോടെ ഒന്നിച്ചു താമസിക്കാൻ തുടങ്ങി. ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചാണ് അനിത പ്രബീഷിനൊപ്പം പോയത്.
ഈ ബന്ധത്തിലൂടെ അനിത ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അനിതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടത്തിയത്. ഇതിനിടെ പ്രബീഷ് രജനിയുമായി അടുപ്പത്തിലായിരുന്നു. ഇതും അനിതയെ കൊലപ്പെടുത്താനുള്ള കാരണമായി. 2021 ജൂലൈ ഒമ്പതിന് ഉച്ചയ്‌ക്ക് രണ്ടുമണിക്ക് പ്രബീഷും രജനിയും വിളിച്ചത് പ്രകാരം അനിത ആലപ്പുഴ കെഎസ്ആർടിസി സ്‌റ്റാൻഡിലെത്തി.
തുടർന്ന് ഓട്ടോറിക്ഷയിൽ മൂന്നുപേരും രജനിയുടെ വീട്ടിലേക്ക് പോയി. രാത്രി ഒമ്പതരയോടെ രണ്ടു പ്രതികളും ചേർന്ന് അനിതയുടെ കഴുത്തും വായും മൂക്കും ഞെരിച്ചു. അനിത അബോധാവസ്‌ഥയിലായി. മരിച്ചെന്ന് കരുതി പ്രതികൾ അർധരാത്രിയോടെ വീടിനടുത്തുള്ള തോട്ടിലേക്ക് അനിതയെ കൊണ്ടുപോയി. ഫൈബർ ബോട്ടിൽ അനിതയെ കിടത്തി അരയൻതോട്ടിലൂടെ പൂക്കൈതയാറ്റിലേക്ക് തുഴഞ്ഞുപോയി.
പൂക്കൈതയാറ്റിൽ ഒഴുക്കുള്ള ഭാഗത്ത് ഉപേക്ഷിക്കാനാണ് ശ്രമിച്ചതെങ്കിലും വള്ളം മറിഞ്ഞതിനാൽ വിചാരിച്ച സ്‌ഥലത്ത് ഉപേക്ഷിക്കാനായില്ല. കഴുത്ത് ഞെരിച്ചപ്പോഴല്ല അബോധാവസ്‌ഥയിൽ വെള്ളത്തിൽ വീണ ശേഷമാണ് അനിത മരിച്ചതെന്ന് പിന്നീട് കണ്ടെത്തി. രജനിയുടെ ബന്ധുവിന്റെ വള്ളത്തിലാണ് മൃതദേഹം കൊണ്ടുപോയത്. മറിഞ്ഞ വള്ളവും ഉപേക്ഷിച്ചാണ് ഇരുവരും വീട്ടിലെത്തിയത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!






































