തിരുവനന്തപുരം: ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി. പാലോട് ഫോറസ്‌റ്റ് ഓഫീസിലെ ഫോറസ്‌റ്റർ വിനീത, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാർ ഉള്ളത്. ഇവരെ പുറത്തേക്ക് എത്തിക്കുകയാണ്.
കടുവകളുടെ എണ്ണമെടുക്കാനായി ഇന്നലെ രാവിലെയാണ് ഇവർ കാട്ടിലേക്ക് പോയത്. എന്നാൽ, കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. കേരള-തമിഴ്‌നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്.
വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) ചേർന്ന് നാല് വർഷത്തിലൊരിക്കൽ നടത്തുന്ന കടുവ സെൻസസ് ഇന്നലെയാണ് ആരംഭിച്ചത്. ‘എം സ്‌ട്രൈപ്‌സ്’ ആപ് ഉപയോഗിച്ച് കടലാസ് രഹിതമായാണ് കണക്കെടുപ്പ്. കടുവകളുള്ള മേഖലകൾ ജിപിഎസ് സഹായത്തോടെ അടയാളപ്പെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യവും ഉണ്ട്.
Most Read| ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33% വർധന






































