കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ വിവരങ്ങളുടെ പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). എഫ്ഐആറും മറ്റു രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ ആണ് ആദ്യം സമീപിച്ചത്. എന്നാൽ, കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.
അതേസമയം, എതിർവാദം ഉന്നയിക്കാനുള്ള അവസരം പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇഡിയുടെ അപേക്ഷയും എസ്ഐടിയുടെ എതിർവാദവും കോടതി ഈ മാസം പത്തിന് പരിഗണിക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇഡി അന്വേഷിക്കുക.
അതിനിടെ, മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിന്റെ ജുഡീഷ്യൽ കസ്‌റ്റഡി 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ബൈജുവിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. നേരത്തെ, ബൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നിലവിൽ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യഹരജികൾ ഈമാസം 11ആം തീയതി വിശദമായ വാദം കേൾക്കലിന് ഹൈക്കോടതി മാറ്റി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലാണ് മുരാരി ബാബു പ്രതിയായിട്ടുള്ളത്. രണ്ട് കേസിലും കസ്‌റ്റഡി കാലാവധി പൂർത്തിയായി തിരിച്ചു ജുഡീഷ്യൽ കസ്‌റ്റഡിയിലേക്ക് വിട്ടതാണ്.
Most Read| വൻ ആശ്വാസം; അടിസ്‌ഥാന പലിശ നിരക്കിൽ 0.25% കുറവ് വരുത്തി








































