ന്യൂഡെൽഹി: വിരമിക്കൽ പിൻവലിച്ച് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്. ലൊസാഞ്ചലസ് ഒളിമ്പിക്സിനായി തയ്യാറെടുക്കുമെന്ന് സാമൂഹിക മാദ്ധ്യമത്തിലെ കുറിപ്പിൽ വിനേഷ് ഫോഗട്ട് വ്യക്തമാക്കി.
”പാരിസ് അവസാനമാണോയെന്ന് ആളുകൾ എന്നോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. കുറേക്കാലം എന്നിൽ ഉത്തരമില്ലായിരുന്നു. മാറ്റിൽ നിന്ന് എനിക്ക് അകന്ന് നിൽക്കണമായിരുന്നു. സമ്മർദ്ദം, പ്രതീക്ഷകൾ, സ്വന്തം ആഗ്രഹങ്ങൾ എല്ലാം മാറ്റിവയ്ക്കണമായിരുന്നു. ഞാനിപ്പോഴും ഗുസ്തിയെ സ്നേഹിക്കുന്നുണ്ടെന്ന സത്യം ഒടുവിൽ കണ്ടെത്തി. ഇപ്പോഴും എനിക്ക് മൽസരിക്കണം എന്നുണ്ട്.
ഈ നിശബ്ദതയിൽ എന്നിലെ തീ അണഞ്ഞുപോയോട്ടില്ലെന്ന് ഞാൻ കണ്ടെത്തി. ഈ തളർച്ചയ്ക്കും കോലാഹലങ്ങൾക്കും ഇടയിൽ അത് മൂടപ്പെട്ട് പോവുക മാത്രമാണ് സംഭവിച്ചത്. ഞാൻ എത്ര ദൂരേക്ക് പോയാലും എന്റെ ഒരു ഭാഗം ഇപ്പോഴും ഗുസ്തി മാറ്റിൽ തന്നെയുണ്ട്. കീഴടങ്ങാനാകാത്ത മനസുമായി ഞാൻ ലൊസാഞ്ചലസ് ഒളിമ്പിക്സിന് വേണ്ടി തയ്യാറെടുക്കുകയാണ്. ഈ സമയത്ത് ഞാൻ ഒറ്റയ്ക്കല്ല. വലിയ പ്രചോദനമായി എനിക്കൊപ്പം മകനുമുണ്ട്”- വിനേഷ് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.
50 കിലോഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിന് തൊട്ടുമുൻപാണ് ശരീരഭാരം കൂടുതലെന്ന് ചൂണ്ടിക്കാട്ടി പാരിസ് ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതോടെ വിനേഷിന് മെഡലും ലഭിച്ചില്ല. പിന്നാലെ താരം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ ഹരിയാന നിയമസഭയിലേക്ക് മൽസരിച്ച വിനേഷ്, ജുലാന മണ്ഡലത്തിൽ നിന്ന് 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!






































