ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസ് സ്വീകരിക്കാൻ ഡെൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതി വിസമ്മതിച്ചു.
ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇഡി കേസ് ഫയൽ ചെയ്‌തതെന്നും എഫ്‌ഐആറിന്റെ അടിസ്‌ഥാനത്തിലല്ല കേസെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വ്യക്‌തി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ എടുത്ത കേസായതിനാൽ തന്നെ പിഎംഎൽഎ നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ലെന്നും റൗസ് അവന്യൂ കോടതി പറഞ്ഞു.
കേസിൽ ഡെൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അതിനാൽ ഇഡിയുടെ വാദത്തിൽ വിധി പറയുന്നത് വിവേകശൂന്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഇഡിക്ക് കേസിൽ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
ഡെൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നത്. സോണിയാ ഗാന്ധി കേസിലെ ഒന്നാംപ്രതിയും രാഹുൽ ഗാന്ധി രണ്ടാംപ്രതിയുമാണ്. സാം പിത്രോദയും കേസിൽ പ്രതിയാണ്. ഒക്‌ടോബർ മൂന്നിനാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. ഇഡിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഡെൽഹി പോലീസ് കേസെടുത്തത്.
കൊൽക്കത്ത ആസ്‌ഥാനമായുള്ള ഷെൽ കമ്പനിയായ ഡോട്ടെക്‌സ് മർച്ചന്റൈസ്, രണ്ട് കോൺഗ്രസ് നേതാക്കൾക്ക് 76 ശതമാനം ഓഹരിയുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ യങ് ഇന്ത്യൻ എന്ന സ്‌ഥാപനത്തിന് ഒരുകോടി രൂപ നൽകിയതായി ആരോപിക്കപ്പെടുന്നു. ഈ ഇടപാടിലൂടെ യങ് ഇന്ത്യൻ, കോൺഗ്രസിന് 50 ലക്ഷം രൂപ നൽകുകയും ഏകദേശം 2,000 കോടി രൂപയുടെ ആസ്‌തിയുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ നിയന്ത്രണം നേടുകയും ചെയ്‌തുവെന്നാണ് ആരോപണം.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































