പനമരം: വയനാട് കണിയാമ്പറ്റ പനമരം ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്‌ഥിതിക്ക് ആദ്യം കൂടുവെച്ച് പിടികൂടാൻ ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങളായിരിക്കും നടക്കുക.
പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ജനവാസമേഖലയിലേക്ക് ഇറങ്ങിയ കടുവയെ രണ്ടുദിവസം പിന്നിട്ടിട്ടും പിടികൂടാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്. തിങ്കളാഴ്‌ച പച്ചിലക്കാട് പടിക്കംവയൽ പരിസരത്ത് ഉണ്ടായിരുന്ന കടുവ ചൊവ്വാഴ്‌ച ഒന്നരക്കിലോമീറ്ററോളം മാറി പുളിക്കൽ വയലിലെത്തി. ഇവിടെയുള്ള ഉന്നതിക്ക് സമീപമുള്ള ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന നെൽപ്പാടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്.
ചൊവ്വാഴ്‌ച രാവിലെ തന്നെ വിവിധ ഫോറസ്‌റ്റ് സ്‌റ്റേഷനുകളിലുള്ള വനപാലകസംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചും പരിശോധന തുടർന്നു. രാത്രി എട്ടരയോടെ പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കടുവ എരനെല്ലൂർകുന്ന് ഭാഗത്തേക്ക് നീങ്ങി. മേഖലയിൽ ദൗത്യം തുടരുകയാണ്.
ജനവാസ മേഖലയിൽ കടുവയെ കണ്ടെത്തിയ സാഹചര്യത്തിൽ പനമരം കണിയാമ്പറ്റ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്‌കൂളുകൾക്ക് ഇന്നും കലക്‌ടർ അവധി പ്രഖ്യാപിച്ചു.
പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, ഒമ്പത്, 14, 15 വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലെയും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാർഡുകളായ ചീങ്ങാടി, ചിത്രമൂല, വരദൂർ, പച്ചിലക്കാട്, മില്ലുമുക്ക് എന്നിവിടങ്ങളിലെയും സ്‌കൂൾ, അങ്കണവാടികൾ, മദ്രസ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ





































