തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് മലയാളി വ്യവസായി. 500 കോടിയുടെ പുരാവസ്‌തു കടത്താണ് നടന്നതെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഫോണിലൂടെയാണ് എസ്ഐടി വ്യവസായിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.
മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം വ്യവസായിയുമായി സംസാരിച്ചതായാണ് വിവരം. വൈകാതെ നേരിട്ട് മൊഴിയെടുക്കും. പുരാവസ്‌തു കടത്തുസംഘത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യവസായി കൈമാറിയെന്നാണ് സൂചന. രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവയ്‌ക്കുന്ന തരത്തിലുള്ള മൊഴി ലഭിച്ചതോടെ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്ഐടിയുടെ നീക്കം.
സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ 500 കോടിയുടെ പുരാവസ്‌തു കടത്താണെന്നും ഇതിനെക്കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഈഞ്ചക്കലിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയാണ് രമേശ് ചെന്നിത്തല മൊഴി നൽകിയത്. തന്റെ കൈയ്യിൽ തെളിവ് ഇല്ലെന്നും വ്യവസായി തന്നോട് പങ്കുവെച്ച വിവരം അന്വേഷണ സംഘത്തെ അറിയിച്ചെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ തനിക്ക് ലഭിച്ച വിവരങ്ങളാണ് കൈമാറിയത്. അല്ലാതെ തെളിവുകളല്ല. ഇനി അതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വസ്‌തുതകൾ കണ്ടത്തേണ്ട ഉത്തരവാദിത്തം അന്വേഷണ സംഘത്തിനാണ്. ലഭിച്ച വിവരങ്ങൾ ആധികാരികളുടെ മുന്നിൽ എത്തിക്കേണ്ടത് പൊതു പ്രവർത്തകനെന്ന നിലയിൽ തന്റെ കടമയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































