ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹരജിയിൽ അന്തിമ തീർപ്പാക്കുന്നതു വരെയാണ് ശിക്ഷ മരവിപ്പിച്ചിട്ടുള്ളത്.
ഡെൽഹിയിൽ തന്നെ തുടരണമെന്നും അതിജീവിതയുടെ വീടിന് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ പോവുകയോ അവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്ന കർശന ഉപാധികളോടെ കുൽദീപിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഡെൽഹി ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡെൽഹിയിൽ കയ്യേറ്റത്തിനിരയായി.
മാദ്ധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചതോടെ ഓടുന്ന ബസിൽ നിന്ന് തന്നെ സിആർപിഎഫ് ഉദ്യോഗസ്ഥർ തള്ളിയിട്ടെന്ന് അതിജീവിതയുടെ മാതാവ് ആരോപിച്ചു. കഴിഞ്ഞദിവസം രാത്രി അതിജീവിതയും അമ്മയും അവരുടെ അഭിഭാഷകനായ യോഗിത ഭയാനയും ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഇന്ന് രാവിലെ മാണ്ഡി ഹൗസിൽ മാദ്ധ്യമങ്ങളെ കാണാൻ കുട്ടിയും അമ്മയും തീരുമാനിച്ചിരുന്നു. എന്നാൽ, ഇവർക്കൊപ്പം വന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ മാണ്ഡി ഹൗസിന് മുന്നിൽ ബസ് നിർത്താൻ തയ്യാറായില്ല. ഇതേത്തുടർന്ന് അതിജീവിതയുടെ അമ്മ ബസിന്റെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ സിആർപിഎഫ് ഉദ്യോഗസ്ഥർ കൈമുട്ട് കൊണ്ട് അവരെ തട്ടുകയും ബസിൽ നിന്ന് ചാടാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
വനിതാ ഉദ്യോഗസ്ഥരും ബസിൽ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർ തള്ളിയിടാൻ ശ്രമിച്ചതോടെ മാതാവിന് ബസിൽ നിന്ന് ചാടേണ്ടി വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ബസ് നിർത്താതെ അതിജീവിതയുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്തര്‍പ്രദേശിലെ ഉന്നാവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂര ബലാൽസംഗത്തിന് ഇരയാക്കിയെന്ന കേസിലാണ് ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സിംഗ് സെൻഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലും കുറ്റവാളിയാണെന്ന് കണ്ടെത്തി ഇയാളെ 10 വര്‍ഷത്തേക്ക് കൂടി ശിക്ഷിച്ചിരുന്നു. കേസിനെ തുടർന്ന് കുല്‍ദീപ് സെൻഗാറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്ടപ്പെടുകയും ബിജെപിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Most Read| എസ്ഐആർ; നിരീക്ഷകരെ നിയോഗിച്ചു, ജില്ലകളിൽ സന്ദർശനം നടത്തും







































