ഉന്നാവിൽ ബലാൽസംഗ അതിജീവിതയുടെ മാതാവ് കോൺഗ്രസ് സ്‌ഥാനാർഥി

By Desk Reporter, Malabar News
Congress protest in kannur
Representational Image
Ajwa Travels

ലഖ്‌നൗ: ഉന്നാവിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ബലാൽസംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ മാതാവിനെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. ഉന്നാവിൽ നിന്നുതന്നെയാണ് ഇവർ മൽസരിക്കുക. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പ്രിയങ്ക ഗാന്ധിയാണ് യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ 125 സ്‌ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. 125 50 പേരും സ്‌ത്രീകളാണെന്ന് പ്രിയങ്ക വ്യക്‌തമാക്കി. സ്‌ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് സ്‌ഥാനാർഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 125 പേരിൽ 40 ശതമാനം സ്‌ത്രീകളും 40 ശതമാനം യുവാക്കളുമാണ്. പരമാവധി പുതുമുഖങ്ങളെയാകും കോൺഗ്രസ് അണിനിരത്തുക. ചരിത്രപരമായ തീരുമാനത്തിലൂടെ ഒരു പുതിയ രാഷ്‌ട്രീയത്തിനാണ് യുപിയിൽ കോൺഗ്രസ് തുടക്കം കുറിക്കുന്നത് എന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്.

ഉന്നാവിലെ മകളോട് ബിജെപി തെറ്റ് ചെയ്‌തെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. “ഇപ്പോൾ, അവർ (ബലാൽസംഗ അതിജീവിതയുടെ മാതാവ്) നീതിയുടെ മുഖമായിരിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്‌തു.

2017ലാണ് ഏറെ വിവാദമായ ഉന്നാവ് ബലാൽസംഗ കേസ് പുറത്തുവന്നത്. ജോലി തേടി എംഎൽഎ ഓഫിസിൽ എത്തിയ 19കാരിയെ കുല്‍ദീപ് സിംഗ് സെൻഗാർ ബലാൽസംഗം ചെയ്‌തു എന്നായിരുന്നു വെളിപ്പെടുത്തൽ. പോലീസ് നിഷ്‌ക്രിയത്വത്തിന് എതിരെ പ്രതിഷേധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ ബലാൽസംഗ അതിജീവിത സ്വയം തീകൊളുത്തി ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് ഉന്നാവ് കേസ് ദേശീയ തലത്തിൽ ചർച്ചയായത്.

പിന്നീട്, കുൽദീപ് സെൻഗാറിനെതിരായ ആരോപണം ഉയർന്നതിന് തൊട്ടുപിന്നാലെ, അതിജീവിതയുടെ പിതാവിനെ ആയുധ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തു. പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ പെൺകുട്ടിയുടെ പിതാവ് മരണപ്പെട്ടു.

ഇതിന് ശേഷം, അതിജീവിതയും കുടുംബവും സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് അപകടം ഉണ്ടായതോടെ കേസ് വീണ്ടും ദേശീയ തലത്തിൽ ചർച്ചയായി. അപകടത്തിന് പിന്നിൽ കുല്‍ദീപ് സിംഗ് സെൻഗാർ തന്നെയാണെന്ന ആരോപണങ്ങളും ശക്‌തമായി ഉയർന്നിരുന്നു.

Most Read:  പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ 6 മാസത്തിന് ശേഷം; ഒല ഇലക്‌ട്രിക്‌

സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമ സംഭവങ്ങൾ നിത്യേന വാർത്തയാകുന്ന യുപിയിൽ ഇത് തന്നെയാണ് കോൺഗ്രസ് ബിജെപിക്ക് എതിരെ പ്രധാന പ്രചാരണ വിഷയമാക്കുന്നത്. “നിങ്ങൾ സ്‌ത്രീയായതുകൊണ്ട് മാത്രം അപമാനിക്കപ്പെട്ടിട്ടുണ്ടോ? പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ? കോൺഗ്രസുണ്ട് നിങ്ങൾക്കൊപ്പം,”- പ്രിയങ്ക ഗാന്ധി പറയുന്നു. ‘ലഡ്‌കി ഹൂം, ലഡ് സക്‌തീ ഹൂം’ (പെൺകുട്ടിയാണ്, പോരാടും) എന്നാണ് കോൺഗ്രസിന്റെ പ്രചാരണ മുദ്രാവാക്യം.

”പാർട്ടിയെ ശക്‌തിപ്പെടുത്താനും സ്‌ഥാനാർഥികൾ ജനങ്ങളുടെ ആവശ്യത്തിനായി പോരാടുമെന്ന് ഉറപ്പാക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. നെഗറ്റീവ് പ്രചാരണത്തിന് ഞങ്ങളില്ല. വികസനത്തിനും ദളിത്, പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനുമാണ് ഞങ്ങൾ ശ്രമിക്കുക”,- പ്രിയങ്ക പറഞ്ഞു.

”യുപിയിൽ എന്താണോ ഞാൻ തുടങ്ങിവച്ചത്, അത് തുടരും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞാനീ സംസ്‌ഥാനത്തുണ്ടാകും. പാർട്ടിയെ ശക്‌തിപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. ഞാനത് നേടും,”- പ്രിയങ്ക കൂട്ടിച്ചേർത്തു.

Most Read:  നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ വീട്ടിൽ പോലീസ് പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE