എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആലുവയിലുള്ള വീട്ടിൽ പോലീസ് പരിശോധന. അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ പോലീസ് പരിശോധന നടത്തുന്നതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തുന്നത്.
4 പോലീസ് വാഹനങ്ങളിലായി റവന്യു, ക്രൈം ബ്രാഞ്ച് സംയുക്‌ത സംഘമാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയിരിക്കുന്നത്. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലും, നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും, സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് പരിശോധന നടക്കുക.
അതേസമയം അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ഇന്ന് ദിലീപിന്റെ വീട്ടിൽ പോലീസ് റെയ്‌ഡ് നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കുമെന്ന് ദിലീപ് പറഞ്ഞതായി സംവിധായകൻ ബാലചന്ദ്ര കുമാർ മൊഴി നൽകിയിരുന്നു. മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങൾക്ക് ആധാരമായ തെളിവുകൾ തേടിയാണ് പരിശോധനയെന്നാണ് സൂചന.
Read also: പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്‌ച; പിന്നിൽ കോൺഗ്രസ് സർക്കാരെന്ന് ഖട്ടാര്‍