കോട്ടയം: മകരവിളക്ക് സീസണായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. മണ്ഡലകാലം കഴിഞ്ഞ് രണ്ടുദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നട തുറന്നത്. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നിന് ആരംഭിക്കും. അയ്യപ്പഭക്‌തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജനുവരി 14നാണ് മകരവിളക്ക്. രാവിലെ 11.30ന് പമ്പയിൽ നിന്ന് ഭക്‌തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്ത് നിന്ന് എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലിൽ സെഗ്‌മെന്റുകളായിട്ട് തിരിക്കും. തുടർന്ന് സീനിയോറിറ്റി അനുസരിച്ച് പതിനെട്ടാം പടിയിലേക്ക് കയറ്റിവിട്ടു തുടങ്ങി. സ്‌പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ളോട്ട് ഇപ്പോൾ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും.
തിരക്ക് അനുസരിച്ച് മാത്രമേ നിലയ്‌ക്കലിൽ നിന്ന് സ്വാമിമാരെ കടത്തിവിടൂ. ശബരിമല സന്നിധാനത്ത് ക്രമാതീതമായി തിരക്കുണ്ടെങ്കിൽ നിലയ്‌ക്കലിൽ സ്വാമിമാരെ നിയന്ത്രിക്കും. എന്നാൽ, നിലവിൽ അത്തരം പ്രശ്‌നമില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. തിരക്ക് നിയന്ത്രണത്തിനായി സ്‌പോട്ട് ബുക്കിങ്ങിന്റെ രീതി മാറ്റുകയാണ് ചെയ്‌തത്.
തിരക്ക് നിയന്ത്രണ വിധേയമാകുമ്പോൾ സ്ളോട്ട് റിലീസ് ചെയ്യും. വൈകീട്ട് എട്ടുമുതൽ 12 വരെ സ്ളോട്ട് കൊടുക്കാറില്ല. ഉച്ചയ്‌ക്കും കൊടുക്കാറില്ല. രാത്രി 11 മണിക്ക് നട അടച്ചാൽ തുറക്കുക രാവിലെ മൂന്ന് മണിക്കാണ്. എട്ടുമണിക്ക് സ്ളോട്ട് കൊടുത്താൽ ഭക്‌തർക്ക് എത്താൻ കഴിയുക 11 മണിക്കായിരിക്കും. അപ്പോൾ മുകളിലേക്ക് കയറാനാകില്ല. അതുകൊണ്ട് എട്ടിന് സ്ളോട്ട് അടച്ചാൽ തുറക്കുക 11നായിരിക്കും.
അപ്പോൾ മൂന്ന് മണിക്ക് ഒരുപാട് ക്യൂ നിൽക്കാതെ ദർശനം നടത്തി മടങ്ങാം. ഉച്ചയ്‌ക്കും ഇങ്ങനെ തന്നെയാണ്. ഇങ്ങനെ സമയം ക്രമീകരിച്ചാണ് തിരക്ക് കുറച്ചത്. മണ്ഡല മഹോൽസവം സമാപിച്ചശേഷം 27ന് നടയടച്ചിരുന്നു. മകരവിളക്ക് കഴിഞ്ഞ് ജനുവരി 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്‌ക്കും.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി








































