ദുബായ്: യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക് ഉൽപ്പന്നങ്ങൾക്കും ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം (നമ്പർ 380ന്റെ) രണ്ടാംഘട്ടം നാളെ പ്രാബല്യത്തിൽ വരും. കാലാവസ്‌ഥാ വ്യതിയാന പരിസ്‌ഥിതി മന്ത്രാലയമാണ് തീരുമാനം നടപ്പിലാക്കുന്നത്.
യുഎഇയുടെ പ്രകൃതിദത്ത ആവാസവ്യവസ്‌ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നത് മാലിന്യം കുറയ്‌ക്കാൻ മാത്രമല്ല, വിഭവങ്ങളെ പാരിസ്‌ഥിതിക ഭാരമാക്കാതെ സുസ്‌ഥിര ആസ്‌തികളാക്കി മാറ്റുന്ന ‘വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്‌ഥ’ എന്ന കാഴ്‌ചപ്പാടിന്റെ ഭാഗമാണെന്ന് മന്ത്രാലയം വ്യക്‌തമാക്കി.
ഇതിന്റെ ആദ്യഘട്ടം 2024 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നിരുന്നു. അന്ന് എല്ലാ തരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിച്ചിരുന്നു. എല്ലാ സ്‌ഥാപനങ്ങളും ഈ തീരുമാനം പൂർണമായി പാലിക്കണമെന്നും രാജ്യത്തിന്റെ പാരിസ്‌ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പങ്കുചേരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
നിരോധനത്തിന്റെ പരിധിയിൽ വരുന്ന ഉൽപ്പന്നങ്ങൾ
- ബിവറേജ് കപ്പുകളും അവയുടെ അടപ്പുകളും.
- കട്ട്‌ലറികൾ (സ്‌പൂൺ, ഫോർക്ക്, കത്തി, ചോപ്‌സ്‌റ്റിക്‌സ്)
- പ്‌ളേറ്റുകൾ, സ്‌ട്രോകൾ, സ്‌റ്റൈററുകൾ
- സ്‌റ്റൈറോഫോം ഉപയോഗിച്ച് നിർമിച്ച ഭക്ഷണ പാത്രങ്ങളും ബോക്‌സുകളും
- 50 മൈക്രോണിൽ താഴെ കട്ടിയുള്ള എല്ലാതരം ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾ (കടലാസ് ബാഗുകൾ ഉൾപ്പടെ)
Most Read| ആഗ്രഹവും കഠിന പ്രയത്‌നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി






































