ആലപ്പുഴ: ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ചതായി പരാതി. ഒരാൾ അണുബാധയോടെ ചികിൽസയിലാണ്. ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയിൽ മജീദ് (52) എന്നിവരാണ് മരിച്ചത്. കാർത്തികപ്പള്ളി വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാർ (60) വണ്ടാനം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
മൂവരും തിങ്കളാഴ്‌ച ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായവരാണ്. വെള്ളത്തിൽ അണുബാധ ഉണ്ടായതാണ് അത്യാഹിതത്തിന് വഴിവെച്ചതെന്നാണ് ആക്ഷേപം. എന്നാൽ, പരാതിക്ക് അടിസ്‌ഥാനമില്ലെന്നും ആശുപത്രിയുടെ ഭാഗത്ത് വീഴ്‌ചയില്ലെന്നുമാണ് ഡിഎംഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ വിദഗ്‌ധ സംഘത്തിന്റെ വിലയിരുത്തൽ.
ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഹരിപ്പാട്ടെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഇവിടെ ഡയാലിസിസ് നടത്തിവന്ന 58 പേരെ മറ്റു സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ഹരിപ്പാട്ടെ ജീവനക്കാരെയും മറ്റു ആശുപത്രികളിലേക്ക് താൽക്കാലികമായി മാറ്റി നിയമിച്ചു. ഡിഎംഒ, ഡെപ്യൂട്ടി ഡിഎംഒ എന്നിവർ ഉൾപ്പെടുന്ന 11 അംഗ വിദഗ്‌ധ സംഘം നാലര മണിക്കൂറോളം ഡയാലിസിസ് യൂണിറ്റിൽ പരിശോധന നടത്തി.
വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചു. തിങ്കളാഴ്‌ചയ്‌ക്ക് ശേഷം ഇവിടെ 48 പേർക്ക് ഡയാലിസിസ് നടത്തിയിരുന്നു. ഇവരെയെല്ലാം ഫോണിൽ വിളിച്ചു ആരോഗ്യവിവരം തിരക്കി. ആർക്കും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്ന് സ്‌ഥിരീകരിച്ചു. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്‌ധ സംഘം ഇന്ന് ആശുപത്രിയിൽ എത്തും.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി








































