കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദേവസ്വം പ്രസിഡണ്ട് എന്ന രീതിയിൽ ഒപ്പുവയ്‌ക്കുക മാത്രമാണ് താൻ ചെയ്‌തതെന്നും മറ്റു അംഗങ്ങൾക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളൂവെന്നുമാണ് കോടതിയിൽ പത്‌മകുമാർ ഉന്നയിച്ച വാദം.
എന്നാൽ, ഈ വാദം കോടതി തള്ളി. ദേവസ്വം പ്രസിഡണ്ട് എന്ന തരത്തിൽ ഒഴിഞ്ഞുമാറാൻ പത്‌മകുമാറിന് കഴിയില്ലെന്നും ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. പത്‌മകുമാറിന് കേസിലുള്ള പങ്ക് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.
കഴിഞ്ഞദിവസം എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും പത്‌മകുമാറിനെതിരെ ഗുരുതര പരാമർശമാണ് ഉണ്ടായിരുന്നത്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതാണെന്ന് കൃത്യമായ അറിവുണ്ടായിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന പത്‌മകുമാർ ബോർഡ് നോട്ട് തിരുത്തിയെന്നാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചത്.
സ്വർണം പൊതിഞ്ഞ ചെമ്പ് പാളികൾ എന്ന് എഴുതുന്നതിന് പകരം, ചെമ്പ് പാളികൾ എന്നെഴുതി. പുറത്തു കൊണ്ടുപോകുന്നതിന് സ്വന്തം കൈപ്പടയിൽ ‘അനുവദിക്കുന്നു’ എന്നും എഴുതി. മനഃപൂർവമാണ് വ്യാജമായ വിവരങ്ങൾ എഴുതിയത്. ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപം വഴി പത്‌മകുമാർ സ്വർണക്കൊള്ളയ്‌ക്ക് വഴിവെച്ചു. തന്ത്രിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്‌തമായെന്നും ഹൈക്കോടതിയെ അറിയിച്ചു.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്‌മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോറ്റിയും പത്‌മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. പ്രത്യേക കേന്ദ്രത്തിൽ മണിക്കൂറുകൾ ചോദ്യം ചെയ്‌തതിന് ശേഷമാണ് നവംബർ 20ന് എസ്ഐടി പത്‌മകുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസിലാണ് അറസ്‌റ്റ്. കേസിൽ എട്ടാം പ്രതിയായ പത്‌മകുമാർ അധ്യക്ഷനായ 2019ലെ ബോർഡിനെ പ്രതി ചേർത്തിരുന്നു. ശബരിമല സ്വർണക്കൊള്ളക്കേസിൽ നേരത്തെ അറസ്‌റ്റിലായവരുടെ മൊഴികളെല്ലാം പത്‌മകുമാറിന് എതിരായിരുന്നു. പത്‌മകുമാറിന്റെ സാമ്പത്തിക സ്രോതസുകൾ അടക്കം എസ്ഐടി വിശദമായി അന്വേഷിച്ചു വരികയാണ്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































