മൂന്നാർ: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ഞാൻ ബിജെപിയിൽ ചേരും. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്ന് രാജേന്ദ്രൻ പറഞ്ഞു. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മൽസരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്. തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു അദ്ദേഹം. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല.
പ്രാദേശിക നേതാക്കൾ രാജേന്ദ്രന് വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. എന്നാൽ, സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹം ഉയർന്നത്. പിന്നാലെ രാജേന്ദ്രൻ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































