ന്യൂഡെൽഹി: ഇന്ത്യ-അഫ്ഗാൻ ബന്ധം കൂടുതൽ ശക്തമാകുന്നു. ഡെൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ താലിബാൻ സ്ഥിരം പ്രതിനിധിയെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഫ്തി നൂർ അഹമ്മദ് നൂർ അഫ്ഗാനിസ്ഥാൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ആയി ചുമതലയേൽക്കാൻ ഡെൽഹിയിലെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അഞ്ചുവർഷത്തിന് ശേഷമാണ് ഇന്ത്യയിൽ താലിബാൻ സ്ഥിരം പ്രതിനിധിയെ നിയമിക്കുന്നത്. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഫസ്റ്റ് പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറലായി നൂർ അഹമ്മദ് നൂർ സേവനം ആനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിരുന്നു. ഒക്ടോബറിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി നടത്തിയ ഏഴ് ദിവസത്തെ ഇന്ത്യാ സന്ദർശത്തിന് ശേഷമാണ് ഇത് ദൃഢമായത്. ഇന്ത്യ-താലിബാൻ ബന്ധം ശക്തമാകുന്നു എന്ന സൂചനയാണ് ഇത് നൽകുന്നതെന്നാണ് വിലയിരുത്തൽ.
അഫ്ഗാൻ എംബസിയിൽ പഴയ ജീവനക്കാർ തന്നെ തുടരുമെന്നും അവിടെ അഫ്ഗാന്റെ പതാക നിലനിർത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2020ഓടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയതിന് പിന്നാലെ, ഇന്ത്യയിലെ എംബസിയുടെ പ്രവർത്തനം പതിയെ അവസാനിപ്പിക്കുകയായിരുന്നു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































