ന്യൂഡെൽഹി: ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിൽ സഹകരണം ശക്‌തിപ്പെടുത്താൻ ധാരണയായി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്‌ഗാനിസ്‌ഥാന്റെ ആക്റ്റിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തലാഖിയും കഴിഞ്ഞദിവസം ദുബായിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ധാരണയായത്.
അഫ്‌ഗാനിസ്‌ഥാനെ താലിബാൻ ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്‌ചയാണിത്. ഭാവിയിൽ അഫ്‌ഗാനിസ്‌ഥാനിൽ വികസന പദ്ധതികൾ ആരംഭിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. കായിക (ക്രിക്കറ്റ്) രംഗത്തെ സഹകരണവും ശക്‌തിപ്പെടുത്തും. അഫ്‌ഗാൻ അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിനും ഇന്ത്യ പിന്തുണ അറിയിച്ചു.
എണ്ണൂറോളം അഫ്‌ഗാൻ അഭയാർഥികളെ പാകിസ്‌ഥാൻ തടവിലാക്കിയെന്ന വാർത്തകൾ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നിർണായകമായ വാഗ്‌ദാനം. വാണിജ്യ, വ്യാപാര ഇടപാടുകൾക്കായി ഇറാനിലെ ഛാബഹാർ തുറമുഖം കൂടുതലായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
50,000 ടൺ ഗോതമ്പ്, 300 ടൺ മരുന്നുകൾ, ഭൂകമ്പവുമായി ബന്ധപ്പെട്ട് 27 ടൺ ദുരിതാശ്വാസ സാമഗ്രികൾ, 40,000 ലിറ്റർ കീടനാശിനി, 10 കോടി ഡോസ് പോളിയോ വാക്‌സിൻ, 15 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ, 11,000 ഹൈജീൻ കിറ്റുകൾ, 500 യൂണിറ്റ് തണുപ്പ് വസ്‌ത്രങ്ങൾ, 1.2 ടൺ സ്‌റ്റേഷനറി കിറ്റ് എന്നിവ ഇന്ത്യൻ ഇതിനകം അഫ്‌ഗാനിസ്‌ഥാന് നൽകിയിട്ടുണ്ട്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം