ശബരിമല: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. ഉച്ചകഴിഞ്ഞ് 3.08ന് ആണ് മകരസംക്രമപൂജ. തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6.25ന് സന്നിധാനത്തെത്തും. സോപാനത്ത് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധനയ്‌ക്കായി നട അടയ്‌ക്കും.
തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ മകരനക്ഷത്രം ഉദിക്കും. പിന്നാലെ മകരജ്യോതിയും തെളിയും. മകരവിളക്ക് മഹോൽസവത്തിനായി ശബരിമല സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ അറിയിച്ചു. ചൊവ്വാഴ്‌ച സന്നിധാനത്തും പരിസരത്തും ഒരുലക്ഷത്തോളം ഭക്‌തർ എത്തിയിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കാൻ പോലീസ് സജ്‌ജമാണ്. ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്ളൈ ഓവറുകളിൽ നിന്നും മകരജ്യോതി ദർശിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് ഫോട്ടോ പതിച്ച തിരിച്ചറിയൽ പാസ് നൽകിയവർക്ക് മാത്രമേ ഈ സ്‌ഥലങ്ങളിൽ നിൽക്കാൻ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല.
മണ്ഡല-മകരവിളക്ക് കാലത്ത് 51 ലക്ഷം തീർഥാടകരാണ് ശബരിമലയിൽ എത്തിയത് 420 കോടി രൂപയാണ് വരുമാനം. 12 വരെയുള്ള കണക്ക് അനുസരിച്ചാണ് ഇത്രയും തീർഥാടകർ ദർശനം നടത്തിയതായി കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം ഇതേ ദിവസം 48 ലക്ഷം തീർഥാടകരാണ് എത്തിയത്. മകരജ്യോതി ദർശനത്തിനായി രണ്ടുലക്ഷം പേർ സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ പർണശാല കെട്ടി തങ്ങുന്നുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
പുല്ലുമേട്ടിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. 1500ലധികം പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, അടിയന്തിര സേവനം, ശുചിത്വം, ആരോഗ്യ സൗകര്യങ്ങൾ, ശുദ്ധജലം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കി. ഗതാഗത തിരക്ക് നിയന്ത്രിക്കാൻ കുമളി, കമ്പംമെട്ട് പാതകളിൽ ഓരോ ജങ്ഷനിലും കൂടുതൽ പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.
Most Read| ഒമ്പത് റൂട്ടുകളിൽ അമൃത് ഭാരത് എക്‌സ്‌പ്രസ്; കേരളത്തിനില്ല, ബംഗാളിന് മുൻഗണന







































