കോഴിക്കോട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് വെള്ളയിലെ ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇവിടെ താമസിച്ച് പഠിക്കുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി സുജിത്ത് സോമനാണ് (30) മർദ്ദനത്തിൽ പരിക്കേറ്റത്.
സുജിത്തിന്റെ മുഖത്തും കൈയിലും കാലിലും അടിയേറ്റ പാടുകളുണ്ട്. പത്ത് വർഷത്തിലധികമായി സുജിത്ത് വെള്ളയിലെ സ്‌ഥാപനത്തിൽ പഠിക്കാൻ തുടങ്ങിയിട്ട്. മാസത്തിലൊരിക്കലാണ് സുജിത്തിനെ വീട്ടിലേക്ക് കൊണ്ടുപോവാറുള്ളത്. ചൊവ്വാഴ്‌ച ഉച്ചയോടെ സുജിത്തിനെ വിളിക്കാനായി എത്തിയപ്പോഴാണ് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടതെന്ന് സഹോദരൻ അജിത്ത് പറഞ്ഞു.
കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന് സ്‌ഥാപനത്തിലെ അധ്യാപികയെ അജിത്ത് തിങ്കളാഴ്‌ച വിളിച്ചു അറിയിച്ചിരുന്നു. എന്നാൽ, സുജിത്ത് അധ്യാപകരുടെ കൈയിലുണ്ടായിരുന്ന പണം മോഷ്‌ടിച്ചിട്ടുണ്ടെന്നും അതിനാൽ രണ്ടുമാസം വീട്ടിലേക്ക് വിടുന്നില്ലെന്നും അധ്യാപിക പറഞ്ഞു.
ഇതിൽ സംശയം തോന്നിയ അജിത്ത് ചൊവ്വാഴ്‌ച ഉച്ചയോടെ സ്‌ഥാപനത്തിൽ എത്തുകയായിരുന്നു. സംഭവത്തിൽ അജിത്ത് വെള്ളയിൽ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്നും വെള്ളയിൽ പോലീസ് അറിയിച്ചു.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി




































