ഹൈദരാബാദ്: തെലങ്കാനയിലെ വിവിധ ഗ്രാമങ്ങളിൽ 500ഓളം തെരുവുനായ്ക്കളെ വിഷം ഉള്ളിൽച്ചെന്ന് ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 15 പേർക്കെതിരെയാണ് തെലങ്കാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി തെരുവുനായ്ക്കളെ വിഷം നൽകി കൂട്ടക്കൊല ചെയ്തെന്നാണ് ആരോപണം. ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഇല്ലാതാക്കുമെന്ന് സ്ഥാനാർഥികളും മറ്റും ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നതായാണ് വിവരം.
ഇതിന്റെ ഭാഗമായാണ് ജനുവരി ആദ്യംമുതൽ വിവിധ ഭാഗങ്ങളിലായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് ആരംഭിച്ചതെന്നും പറയുന്നു. കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പൽവഞ്ച, ഫരീദ്പേട്ട്, വാഡി, ബന്ദരാമേശ്വരപ്പളളി എന്നീ ഗ്രാമങ്ങളിലാണ് തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൊന്നൊടുക്കിയത്.
സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ ആദുലാപുരം ഗൗതം ആണ് പോലീസിൽ പരാതി നൽകിയത്. പഞ്ചായത്തിൽ പുതുതായി അധികാരമേറ്റ ഭരണസമിതിയുടെ നിർദ്ദേശപ്രകാരമാണ് തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്തതെന്ന് ഗൗതം പരാതിയിൽ ആരോപിക്കുന്നു. ആറുപേർക്കെതിരെയാണ് ഗൗതം പരാതി നൽകിയിട്ടുള്ളത്.
പോസ്റ്റുമോർട്ടം നടപടികൾക്കായി കുഴിച്ചിട്ട തെരുവുനായ്ക്കളുടെ ജഡം കണ്ടെടുത്തു. നായ്ക്കളെ കൊന്നൊടുക്കാൻ ഉപയോഗിച്ച വിഷത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജനുവരി ആദ്യ ആഴ്ചയും 300ഓളം നായ്ക്കളെ കൊന്നൊടുക്കിയതിന് രണ്ട് വനിതാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ ഒമ്പത് പേർക്കെതിരെ കേസെടുത്തിരുന്നു.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി







































