ഷാർജ: സാമ്പത്തിക, നിക്ഷേപ ബന്ധം ശക്തമാക്കാൻ ഇന്ത്യയും ഷാർജയും. കൃഷി, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്.
ഇൻവെസ്റ്റ് ഇൻ ഷാർജ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ചർച്ച നടത്തിയത്. ഷാർജയിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ നിക്ഷേപകർക്കുള്ള അവസരം വർധിപ്പിക്കും.
കൂടുതൽ ഇന്ത്യൻ നിക്ഷേപകരെ ഷാർജയിലേക്ക് ആകർഷിക്കുന്നതിനായി ഫെബ്രുവരി 9 മുതൽ 12 വരെ മുംബൈയിലും അഹമ്മദാബാദിലും നിക്ഷേപ റോഡ് ഷോകൾ സംഘടിപ്പിക്കാനും തീരുമാനമായി. ഷാർജയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025ൽ 1,439 കോടി ദിർഹത്തിൽ എത്തിയിരുന്നു. നിലവിൽ 41,900 ഇന്ത്യൻ കമ്പനികൾ എമിറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ 21,701 കമ്പനികൾ ഫ്രീ സോണുകളിലും 20,199 കമ്പനികൾ മെയിൻ ലാൻഡിലുമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികളിലൂടെ ഏതാനും വർഷങ്ങളായി ഷാർജയിൽ 102 ഇന്ത്യൻ കമ്പനികളുടേതായി 296 കോടി ഡോളറിന്റെ നിക്ഷേപം എത്തിയിട്ടുണ്ട്. ഇതിലൂടെ 3600ലധികം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
പങ്കാളിത്തത്തിന്റെ ശക്തിയും ഷാർജയിൽ ഇന്ത്യൻ കമ്പനികൾക്കുള്ള ആത്മവിശ്വാസവും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഷാർജയുടെ ജിഡിപി 8.5% വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്ത്യൻ വ്യവസായ സമൂഹത്തിന് ഷാർജയിൽ നിക്ഷേപ അവസരങ്ങൾ വർധിച്ചതായി ഷാർജ നിക്ഷേപക വികസന അതോറിറ്റി (ഷുറൂഖ്) സിഇഒ അഹ്മദ് ഒബൈദ് അൽ ഖസീർ ചൂണ്ടിക്കാട്ടി.
Most Read| ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി; ചരിത്രത്തിലാദ്യം






































