തിരുവനന്തപുരം: ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണ്. അർധസത്യങ്ങൾ നയപ്രഖ്യാപനത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ലോക്ഭവന്റെ വിശദീകരണം.
ഗവർണർക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു ഇതിന് സർക്കാരിൽ നിന്നുണ്ടായ പ്രതികരണമെന്നും ലോകഭവൻ വിശദമാക്കി. നിർദ്ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചുതരാമെന്ന സൂചന നൽകിയിരുന്നുവെന്നും ലോക്ഭവൻ അറിയിച്ചു.
എന്നാൽ, തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കിയയച്ചത്. യാത്രകഴിഞ്ഞ് കോഴിക്കോട്ടുനിന്ന് വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണർ താൻ നിർദ്ദേശിച്ചതും സർക്കാർ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയിൽ വായിച്ചതെന്നും അറിയിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെ തുടർന്ന് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചുവെന്നും പരമോന്നത കോടതി അത് ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. സുപ്രീം കോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ കരടിലെ പ്രസ്തുത പരാമർശം ഒഴിവാക്കാണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്.
കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണെന്ന പരാമർശവും കരടിൽ നിന്ന് ഒഴിവാക്കാണമെന്ന് ലോക്ഭവൻ നിർദ്ദേശിച്ചിരുന്നു. പകരം മുൻകൂർ തുകകൾ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിർദേശിച്ചിരുന്നത്.
15ആം കേരള നിയമസഭയുടെ അവസാന സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് ആരംഭിച്ചിരുന്നു. പ്രസംഗത്തിൽ ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഗവർണർ നടത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിമർശനം നടത്തി. പിന്നാലെ ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിക്കുകയായിരുന്നു.
Most Read| ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും; ദേശീയ അധ്യക്ഷനായി ചുമതലയേറ്റു






































