ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ, ഐതിഹാസിക വനിത ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. നീണ്ട 27 വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽ നിന്ന് പടിയിറങ്ങുന്നത്.
”നാസയിൽ എനിക്ക് അത്‌ഭുതകരമായ 27 വർഷത്തെ കരിയർ ഉണ്ടായിരുന്നു. ബഹിരാകാശമായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ട സ്‌ഥലം. ഞങ്ങൾ പാകിയ അടിത്തറ ഭാവിയിലെ പര്യവേക്ഷകർക്ക് പ്രചോദനമാകുമെന്ന് കരുതുന്നു”- വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സുനിത പറഞ്ഞു.
സുനിതയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് വിരമിക്കൽ സംബന്ധമായ വാർത്തകൾ പുറത്തുവരുന്നത്. മൂന്ന് തവണയായി ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയ സുനിത, ബഹിരാകാശത്ത് ഏറ്റവുമധികം സമയം (608 ദിവസം) ചിലവഴിച്ച രണ്ടാമത്തെ നാസ സഞ്ചാരിയെന്ന റെക്കോർഡും നേടിയിട്ടുണ്ട്.
സുനിതയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു 2024-ലെ സ്‌റ്റാർലൈനൻ ദൗത്യം. ബോയിങ്ങിന്റെ സ്‌റ്റാർലൈനർ പടകത്തിൽ വെറും ഒരാഴ്‌ചത്തെ ദൗത്യത്തിനായി പോയ സുനിതയ്‌ക്കും സഹ സഞ്ചാരി ബുച്ച് വിൽമോറിനും പേടകത്തിന്റെ സാങ്കേതിക തകരാറുകൾ മൂലം ബഹിരാകാശത്ത് തുടരേണ്ടി വന്നത് ഒമ്പത് മാസത്തോളമാണ്.
അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിൽ 2025 മാർച്ചിൽ സ്‌പേസ് എക്‌സിന്റെ ക്രൂ-9 ദൗത്യത്തിലാണ് ഇരുവരും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്. ഈ ഒരൊറ്റ ദൗത്യത്തിൽ മാത്രം 286 ദിവസമാണ് ഇവർ ഭ്രമണപഥത്തിൽ ചിലവഴിച്ചത്.
1965 സെപ്‌തംബർ 19ന് ഒഹായോയിലാണ് സുനിതയുടെ ജനനം. പഠനകാലത്ത് ഒരു മുങ്ങൽ വിദഗ്‌ധയാകാനായിരുന്നു സുനിത ആഗ്രഹിച്ചത്. പിന്നീട് വെറ്ററിനറി ഡോക്‌ടറാകാൻ തീരുമാനിച്ചെങ്കിലും വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു. യുഎസ് നേവൽ അക്കാദമിയിൽ ചേർന്ന് ബേസിക് ഡൈവിങ് ഓഫീസറായി കരിയർ ആരംഭിച്ചു.

ഇറാഖ്-കുവൈത്ത് യുദ്ധകാലത്ത് ഹെലികോപ്‌ടർ പൈലറ്റായി സേവനം അനുഷ്‌ഠിച്ചതോടെ സമുദ്രത്തിൽ നിന്ന് കരകയറി വിശാലമായ ആകാശത്തേക്ക് അവരുടെ സ്വപ്‌നങ്ങൾ പറന്നുയർന്നു. 30 വ്യത്യസ്‌തതരം വിമാനങ്ങളിൽ മൂവായിരത്തിലധികം മണിക്കൂറൂകൾ പറന്ന പരിചയ സമ്പത്തുമായാണ് 1998ൽ സുനിത നാസയിൽ എത്തുന്നത്.
സുനിതയ്‌ക്ക് ഇന്ത്യ എന്നും ഒരു വികാരമായിരുന്നു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ അതിരുകളില്ലാത്ത ഭൂമിയെ കാണുന്നതാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സന്ദർശനങ്ങൾ എന്നും ”വീട്ടിലേക്കുള്ള മടക്കയാത്ര” പോലെയായിരുന്നു എന്നും സുനിത പറയാറുണ്ട്.
റെക്കോർഡുകൾ
- സ്‌പേസ് വാക്ക്: 9 തവണയായി 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശ നടത്തം (Spacewalk) പൂർത്തിയാക്കി. ഏറ്റവും കൂടുതൽ സ്‌പേസ് വാക്ക് നടത്തിയ വനിത എന്ന റെക്കോർഡ് സുനിതയുടെ പേരിലാണ്.
- മാരത്തൺ: ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്‌തി എന്ന ചരിത്രനേട്ടവും സുനിതയ്‌ക്ക് സ്വന്തം.
- ആകെ സമയം: മൂന്ന് ദൗത്യങ്ങളിലായി 600-ലധികം ദിവസങ്ങൾ ബഹിരാകാശത്ത് ചിലവഴിച്ചു.
ദൗത്യങ്ങൾ
- 2006 ഡിസംബർ 9: ഡിസ്‌കവറി പേടകത്തിൽ ആദ്യ യാത്ര. 2007 ജൂൺ 22ന് മടങ്ങിയെത്തി.
- 2012 ജൂലൈ 14: സോയൂസ് പേടകത്തിൽ രണ്ടാം യാത്ര. നവംബർ 18 വരെ നീണ്ട ബഹിരാകാശ വാസം.
- 2024 ജൂൺ 5: സ്‌റ്റാർലൈനൻ ദൗത്യം. ചരിത്രത്തിലെ ഏറ്റവും നീണ്ട രക്ഷാ ദൗത്യങ്ങളിൽ ഒന്നായി മാറി. 2025 മാർച്ചിൽ തിരിച്ചെത്തി.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































