നാഗ്പൂർ: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. നാഗ്പൂരിൽ ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് മൽസരം ആരംഭിക്കുക. ട്വിന്റി ട്വിന്റി ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പര കൂടിയാണ് ന്യൂസിലൻഡുമായി നടക്കുന്നത്.
ലോകകപ്പിനുള്ള ഒരുക്കം കൂടി മുന്നിൽക്കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് മൽസരങ്ങളാണ് പരമ്പരയിലുള്ളത്. ടി ട്വിന്റി ലോകകപ്പ് നിലനിർത്തുകയെന്ന കടുത്ത ലക്ഷ്യമുള്ളതിനാൽ കുറ്റമറ്റ ടീമിനെ വാർത്തെടുക്കണം ഇന്ത്യക്ക്.
ഏതൊക്കെ താരങ്ങൾ അവസാന ഇലവനിൽ എത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ശുഭ്മാൻ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസൺ അഭിഷേക് ശർമയോടൊപ്പം ഓപ്പണിങ്ങിന് ഇറങ്ങുമെന്നാണ് വിവരം.
പരമ്പരയിൽ തിളങ്ങിയത് സഞ്ജുവാകും ലോകകപ്പിലും ഓപ്പൺ ചെയ്യുന്നത്. മിന്നുന്ന ഫോമിലുള്ള ഇഷാൻ കിഷനാണ് ബാക്കപ്പ് ഓപ്പണർ. സഞ്ജു- അഭിഷേക് കൂട്ടുകെട്ട് സമീപകാലത്ത് മികച്ച രീതിയിൽ കളിച്ചിട്ടുണ്ട്. തിലക് വർമയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കും. ലോകകപ്പ് ടീമിലുള്ള ഇഷനെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന് താൽപര്യം.
ഇതോടെ ശ്രേയസ് അയ്യർ പുറത്തിരിക്കും. തിലക് വർമയ്ക്ക് പകരക്കാരനായി ആദ്യ മൂന്ന് മൽസരങ്ങൾക്കാണ് അയ്യരെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫിനിഷർ റോളിൽ ആരെ കളിപ്പിക്കുമെന്ന പ്രതിസന്ധി ടീമിനുണ്ട്.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു






































