കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കഴിഞ്ഞദിവസം നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ. ശബരിമലയിൽ സ്വർണക്കൊള്ള മാത്രമല്ല നടന്നിട്ടുള്ളതെന്നും ക്ഷേത്രത്തിൽ അർപ്പിക്കുന്ന വസ്‌തുക്കൾ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് ഇഡി പറയുന്നത്.
‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്‌ഥകൾ പ്രകാരം കൊച്ചി സോണൽ ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് ഇന്നലെ കേരളം, ചെന്നൈ, കർണാടക എന്നിവിടങ്ങളിലായി 21 സ്‌ഥലങ്ങളിൽ റെയ്‌ഡ് നടത്തിയത്.
കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വീടും സ്‌ഥലവും മറ്റു വസ്‌തുവകകളും ഉൾപ്പടെ 1.30 കോടി രൂപയുടെ ആസ്‌തികൾ മരവിപ്പിച്ചെന്ന് ഇഡി വ്യക്‌തമാക്കി. ചെന്നൈയിലെ സ്‍മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാമിന്റെ സ്വർണക്കട്ടി പിടിച്ചെടുത്തെന്നും ഇഡി പത്രക്കുറിപ്പിൽ വ്യക്‌തമാക്കി.
2019-2025 കാലഘട്ടത്തിൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെയും വാതിൽപ്പടിയിലെയും താങ്ങുപീഠത്തിലേയും സ്വർണപ്പാളികൾ ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തി പുറത്തെത്തിച്ച് സ്വർണം വേർതിരിച്ചെടുത്തെന്ന് പ്രഥമദൃഷ്‌ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് ഇഡി വ്യക്‌തമാക്കി. ഇത്തരത്തിൽ തട്ടിയെടുത്ത സ്വർണം ഇഡിയുടെ അന്വേഷണ പരിധിയിൽ വരും.
ശബരിമലയിലെ ആചാരങ്ങളുടെയും മറ്റും ഭാഗമായി ഭക്‌തർ നൽകിയ കാണിക്ക വസ്‌തുക്കളിലും ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി പറയുന്നു. സ്വർണപ്പാളി തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണം സംബന്ധിച്ച ഒട്ടേറെ രേഖകളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ മഹസറുകൾ, ശുപാർശകൾ, ഇൻവോയ്‌സുകൾ തുടങ്ങിയവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.
സംശയകരമായ പണമിടപാടുകൾ, വരവിൽ കവിഞ്ഞ സ്വത്ത് അടക്കമുള്ളവയുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധനക്ക് ശേഷം കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അടുത്ത നടപടി ക്രമങ്ങളിലേക്ക് കടക്കുമെന്ന് ഇഡി വൃത്തങ്ങൾ വ്യക്‌തമാക്കി.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം





































