ദാവോസ്: ഗാസയിലെ സമാധാനവും പുനർനിർമാണവും ലക്ഷ്യമിട്ട് ‘ബോർഡ് ഓഫ് പീസ്’ (ആഗോള സമാധാന പദ്ധതി) പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് വ്യാഴാഴ്‌ചയാണ് പ്രഖ്യാപനമുണ്ടായത്.
ഹമാസ് ഉടൻ ആയുധം ഉപേക്ഷിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് പദ്ധതിയുടെ ഉൽഘാടന ചടങ്ങിൽ ട്രംപ് മുന്നറിയിപ്പ് നൽകി. 35 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഗാസയിലെ വെടിനിർത്തൽ നടപ്പിലാക്കുന്നതിനൊപ്പം ആഗോള തലത്തിലുള്ള മറ്റു സംഘർഷങ്ങൾ പരിഹരിക്കാനും ബോർഡ് മുൻകൈ എടുക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ബോർഡിന്റെ ചെയർമാനായി ട്രംപ് തന്നെ പ്രവർത്തിക്കും. ഈ സമിതി ഐക്യരാഷ്‌ട്രസഭയ്‌ക്ക് പകരമല്ലെന്നും മറിച്ച് യുഎന്നുമായി ചേർന്ന് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്‌തമായ ബോഡിയായി മാറുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, സെക്യൂരിറ്റി കൗൺസിൽ തീരുമാനങ്ങളുടെ പരിധിയിൽ നിന്ന് മാത്രമേ ഐക്യരാഷ്‌ട്രസഭ ഇതിനോട് സഹകരിക്കുകയുള്ളൂ എന്ന് യുഎൻ വക്‌താവ് വ്യക്‌തമാക്കി.
ലോകത്തിലെ മറ്റു സംഘർഷങ്ങളെ കുറിച്ചും ട്രംപ് പരാമർശിച്ചു. യുക്രൈൻ യുദ്ധം പരിഹരിക്കുക എന്നത് താൻ വിചാരിച്ചതിനേക്കാൾ പ്രയാസകരമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭരണകാലത്ത് എട്ട് യുദ്ധങ്ങൾ അവസാനിച്ചുവെന്നും ഇറാന്റെ ആണവശേഷി അമേരിക്കൻ ആക്രമണത്തിലൂടെ തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ സുപ്രധാന നീക്കമായ ബോർഡ് ഓഫ് പീസിൽ ഇന്ത്യ പങ്കാളിത്തം സ്വീകരിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ഗാസയിലെ ഭരണസംവിധാനം ഉൾപ്പടെയുള്ള വിഷയങ്ങളിലെ തന്ത്രപരമായ വശങ്ങൾ പരിഗണിച്ചാണ് ഇന്ത്യ വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് നയതന്ത്രജ്‌ഞർ വ്യക്‌തമാക്കി.
ഇന്ത്യയെ കൂടാതെ ഫ്രാൻസ്, ബ്രിട്ടൻ, ചൈന, ജർമനി എന്നീ രാജ്യങ്ങളും സംരംഭത്തിൽ നിന്ന് വിട്ടുനിന്നു. പദ്ധതിയിൽ ചേരാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. അതിനിടെ, പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് കരാറിൽ ഒപ്പുവെച്ചു.
സൗദി, ഇസ്രയേൽ, തുർക്കി, യുഎഇ, അർജന്റീന, ഇന്തൊനീഷ്യ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ പദ്ധതിയുടെ സ്‌ഥാപകാംഗങ്ങളാണ്. റഷ്യ ഈ ബോർഡിൽ ചേരുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ








































