തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്‌ണനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നു. എസ്എൽ സജിത (54), മകൾ ഗ്രീമ എസ് രാജ് (30) എന്നിവരെ ബുധനാഴ്‌ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രീമയ്‌ക്ക് ഭാഗ്യമില്ലെന്ന് ഉണ്ണിക്കൃഷ്‌ണൻ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഐഐടിയിൽ ഒന്നാം റാങ്ക് നേടിയ ആളാണ് ഉണ്ണിക്കൃഷ്‌ണൻ. അയർലണ്ടിലേക്ക് പോയെങ്കിലും ആറുവർഷമായി പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിന് കാരണം ഗ്രീമയാണെന്നും ഭാഗ്യമില്ലാത്തവളാണെന്നും കുറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
എംടെക് ബിരുദം ഉണ്ടായിട്ടും ഗ്രീമയെ പരിഹസിച്ചു. നല്ല ജോലിയും വിദ്യാഭ്യസമുള്ള കുട്ടിയെ കിട്ടുമായിരുന്നെന്നും ഗ്രീമ മോഡേൺ അല്ലെന്നും കുറ്റപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. ഉണ്ണിക്കൃഷ്‌ണൻ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് ഇരുവരുടെയും ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്.
എന്നാൽ, ഉണ്ണിക്കൃഷ്‌ണൻ തെറ്റുകാരനല്ലെന്നും പ്രശ്‌നങ്ങൾക്ക് കാരണം ഗ്രീമയുടെ അമ്മയാണെന്നും ഉണ്ണിക്കൃഷ്‌ണന്റെ ബന്ധുക്കൾ പറയുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും അവർ പറയുന്നു. ഉണ്ണിക്കൃഷ്‌ണന്റെ അറസ്‌റ്റ് പൂന്തുറ പോലീസ് മുംബൈയിലെത്തി രേഖപ്പെടുത്തി.
ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണ എന്നിവ ചുമത്തി കേസെടുത്ത ഉണ്ണിക്കൃഷ്‌ണനെ ഇന്ന് നാട്ടിലെത്തിക്കും. ഉണ്ണിക്കൃഷ്‌ണൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ് തടഞ്ഞുവെച്ചത്. കഴിഞ്ഞദിവസം മുംബൈയിലെത്തി പൂന്തുറ പോലീസ് സംഘം ഇയാളെ അന്ധേരി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി കേരളത്തിൽ എത്തിക്കുന്നതിനുള്ള അനുമതി തേടിയിരുന്നു.
Most Read| വിഴിഞ്ഞം തുറമുഖം വിസ്‌മയമായി മാറി, വികസന ചരിത്രത്തിലെ പുതിയ അധ്യായം; മുഖ്യമന്ത്രി





































