ടെഹ്റാൻ: യുഎസ് കപ്പൽപ്പട പശ്ചിമേഷ്യൻ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയിൽ. സൈനിക നടപടിക്ക് സാധ്യത വർധിച്ചതോടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്.
യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും ആക്രമണത്തിന് സാധ്യത ഉള്ളതിനാലാണ് ഖമനയി ടെഹ്റാനിലെ ഒരു സുരക്ഷിത ഭൂഗർഭ അഭയ കേന്ദ്രത്തിലേക്ക് മാറിയതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട് ചെയ്തു. ഖമനയിയുടെ മൂന്നാമത്തെ മകനായ മസൂദ് ഖമനയി, പിതാവിന്റെ ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്തതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
യുഎസ് നാവിക ‘ആർമഡ’ പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചാൽ മേഖലയ്ക്ക് സമീപം യുഎസ് യുദ്ധക്കപ്പലുകൾ വിന്യസിക്കുമെന്ന് എയർഫോഴ്സ് വണ്ണിൽ വെച്ച് സംസാരിച്ച ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയാതാണ്.
യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലുകളും നിരവധി ഗൈഡഡ്- മിസൈൽ ഡിസ്ട്രോയറുകളും നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മേഖലയിലേക്ക് എത്തുമെന്നാണ് സൂചന.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു








































