ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ളിക് ആഘോഷമായതിനാൽ, കനത്ത സുരക്ഷയിലാണ് രാജ്യ തലസ്‌ഥാനം. ഖാലിസ്‌ഥാൻ ഭീകരൻ പന്നുവിന്റെ ഭീഷണി കൂടി എത്തിയതോടെ സേനാ വിന്യാസം കൂട്ടി.
ഡെൽഹി പോലീസും കേന്ദ്രസേനയുമാണ് പഴുതുകളില്ലാത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. രാഷ്‍ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന കർത്തവ്യപഥിനും പുറത്തെ രാജ്യതലസ്‌ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്‌തമാക്കി. പരിശോധനകൾക്കായി ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങളുള്ള എഐ സ്‍മാർട്ട് ഗ്ളാസുകൾ, തെർമൽ ഇമേജിങ് അടക്കം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പരേഡ് കാണാനെത്തുന്നവർ ദേഹപരിശോധനയടക്കം ആറ് തലങ്ങളിലുള്ള പരിശോധനകൾക്ക് വിധേയരാകണം. 500ലധികം ക്യാമറകളും നഗരത്തിലെ പ്രധാനയിടങ്ങളിൽ സ്‌ഥാപിച്ചു. റിപ്പബ്ളിക് ദിന പരേഡ് രാവിലെ 10.15ന് ആരംഭിക്കും. ‘വന്ദേഭാരതം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂർവ ചിത്രങ്ങൾ കർത്തവ്യപഥിൽ പ്രദർശിപ്പിക്കും.
പുഷ്‌പാലങ്കാരങ്ങൽ, ക്ഷണക്കത്തുകൾ, വീഡിയോകൾ, ടാബ്ളോകൾ എന്നിവയിലെല്ലാം ഈ പ്രമേയം പ്രതിഫലിക്കും. ഇന്ത്യൻ സൈന്യം ആദ്യമായി പരേഡിൽ ‘ബാറ്റിൽ അറേ ഫോർമേഷൻ’ പ്രദർശിപ്പിക്കും. സൈനിക പ്രദർശനത്തിൽ സൈനികരുടെ പരേഡ്, ആധുനിക ആയുധ സംവിധാനങ്ങൾ, ഡ്രോണുകൾ, ടാങ്കുകൾ, മിസൈൽ പ്ളാറ്റ്‌ഫോമുകൾ ഉൾപ്പടെയുള്ളവ പ്രദർശിപ്പിക്കും.
സംസ്‌ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മൊത്തം 30 ടാബ്ളോകൾ കർത്തവ്യപഥിലൂടെ നീങ്ങും. ഇത് ഇന്ത്യയുടെ പൈതൃകം, സംസ്‌കാരം, നവീകരണം, സ്വയം പര്യാപ്‌തത എന്നിവ പ്രദർശിപ്പിക്കും. ഏകദേശം 2500 കലാകാരൻമാർ സാംസ്‌കാരിക പരിപാടികളിൽ പങ്കാളികളാകും.
വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പേർക്ക് പ്രത്യേക അതിഥികളായി പരേഡ് കാണാൻ അവസരമുണ്ട്. കർഷകർ, ശാസ്‌ത്രജ്‌ഞർ, സംരംഭകർ, വിദ്യാർഥികൾ, കായിക താരങ്ങൾ, വനിതാ സംഘാംഗങ്ങൾ, തൊഴിലാളികൾ, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്‌താക്കൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് അന്റോണിയോ കോസ്‌റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലേയനുമാണ് ഇത്തവണത്തെ മുഖ്യാതിഥികൾ.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക



































